കോഴിക്കോട് : ലോക്ഡൗണിന്റെ മറവില്‍ രാത്രിയില്‍ ‘ബ്ലാക്ക്മാന് ഭീതി’ പരത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം.രണ്ടു പേരെ മുക്കം പോലീസ് പിടികൂടി. ചെറുവാടി പഴംപറമ്പ് സ്വദേശികളായ ചാലിപിലാവില്‍ അഷാദ് (21), പൊയിലില്‍ അജ്മല്‍ (18) എന്നിവരാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയപ്പെട്ടു വശത്താക്കിയാണ് പ്രതികള്‍ കൃത്യം നടത്താന്‍ ശ്രമിച്ചത്.
രാത്രികാലങ്ങളില്‍ പെണ്‍കുട്ടികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ പ്രതികള്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ട ബൈക്ക് നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഈ ബൈക്ക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഇവരെ പിടികൂടാന്‍ പോലീസിന് സഹായകമായത്. നാടാകെ ബ്ലാക്ക്മാന് ഭീതി പടര്‍ത്തുന്നത് ഇത്തരക്കാരാണെന്നും അതിന്റെ മറവില്‍ അസന്മാര്ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതെന്നും മുക്കം പോലീസ് അറിയിച്ചു.
പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ വാട്സാപ് വിഡിയോ കോണ്‍ഫറന്‍സിങ് വഴി കോഴിക്കോട് പോസ്കോ കോടതി ജഡ്ജി കെ.സുഭദ്രാമ്മ മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ.സിജുവിന്റെ നേതൃത്വത്തില്‍ എസ്ഐ വി.കെ.റസാഖ്, എഎസ്ഐമാരായ സലീം മുട്ടത്ത്, സാജു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷെഫീഖ് നീലിയാനിക്കല്‍, ശ്രീകാന്ത്, സ്വപ്ന എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Follow us on patham online news
Leave a Comment