ഇന്നലെ എത്തിയ പ്രവാസികളില്‍ ആറു പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍

കൊച്ചി: ഇന്നലെ എത്തിയ പ്രവാസികളില്‍ ആറു പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍. ഇന്നലെ നെടുമ്പാശ്ശേരിയിലും കോഴിക്കോട്ടും വിമാനം ഇറങ്ങിയ ആറു പേരെയാണ് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിയ രണ്ടു പേര്‍ക്കും ബഹ്‌റിനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നു ചേര്‍ന്ന് നാലു പേര്‍ക്കും ആയിരുന്നു കോവിഡ് ലക്ഷണം. എല്ലാവരേയും ആശുപത്രിയിലേക്ക് മാറ്റി. കൊച്ചിയില്‍ ഇറങ്ങിയവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ബഹ്‌റിനില്‍ നിന്നും വന്ന നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുമാണ് മാറ്റിയത്.

ബഹ്‌റൈനില്‍ നിന്ന് ഇന്നലെ 184 പേരാണ് മടങ്ങിയെത്തിയത്. പുലര്‍ച്ചെ 12.40 നാണ് ഐ എക്‌സ് 474 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍ ഇറങ്ങിയത്. രോഗ ലക്ഷണം കണ്ടെത്തിയ മൂന്ന് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രത്യേക ഐസൊലേഷനിലേക്കാണ് മാറ്റിയത്. മുഴുവന്‍ യാത്രക്കാരെയും പരിശോധന നടത്തിയ ശേഷമാണ് പുറത്തിറക്കിയത്. രോഗലക്ഷണം കണ്ടെത്തിയവരുടെ പരിശോധന ഏതെങ്കിലും രീതിയില്‍ പോസിറ്റീവായാല്‍ മറ്റുള്ളവരുടെ കാര്യത്തിലും ആശങ്ക ഉണ്ടാകും. 177 പേരാണ് ഇന്നലെ ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിയത്.ഇവരില്‍ രണ്ടു പേര്‍ക്കാണ് കോവിഡ് ലക്ഷണം കണ്ടെത്തിയത്.

ഇന്നലെ രാത്രി 8.10 നാണ് വിമാനം നെടുമ്പാശ്ശേരി ഇറങ്ങിയത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ താപനില കൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നു തന്നെ ഇവരുടെയെല്ലാം സ്രവ പരിശോധന നടക്കും. ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായിട്ടുള്ള രണ്ടാമത്തെ കപ്പല്‍ ഇന്ന് കൊച്ചിയില്‍ എത്തും. മാലിയില്‍ നിന്നുള്ള രണ്ടാമത്തെ കപ്പല്‍ വൈകിട്ട് 7 മണിക്ക് എത്തിച്ചേരും. 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള 202 യാത്രക്കാരുമായിട്ടാണ് ഐഎന്‍എസ് മഗര്‍ കൊച്ചി തുറമുഖത്ത് എത്തിച്ചേരുക.

യാത്രക്കാരില്‍ 18 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 24 സ്ത്രീകളും ഉണ്ട്. യാത്രക്കാരില്‍ 93 മലയാളികളും 81 തമിഴരും ഉണ്ട്. സംസ്ഥാനത്തേക്ക് മൂന്ന് വിമാനങ്ങളിലും പ്രവാസികള്‍ എത്തും. ദുബായില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാനം വൈകിട്ട് 7 മണിക്കും തിരുവനന്തപുരത്തേക്ക് 12.40 നൂം സിംഗപ്പൂരില്‍ നിന്നുള്ള വിമാനം ബംഗലുരുവില്‍ ഇറങ്ങിയ ശേഷം 10.50 ന് കൊച്ചിയിലെത്തും

pathram:
Leave a Comment