കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജന്മനാട്ടിലേക്ക് തിരികെയെത്തുന്ന പ്രവാസി മലയാളികൾക്ക് നോർക്കയുടെ പുനരധിവാസ പദ്ധതി. സ്വന്തമായി സംരംഭങ്ങളും സ്ഥാപനങ്ങളും തുടങ്ങാൻ നോർക്ക റൂട്സ് വഴി 30 ലക്ഷം രൂപവരെ അടിയന്തര വായ്പകൾ അനുവദിക്കാനാണു തീരുമാനം.
നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ് (എൻഡിപ്രേം) എന്ന പദ്ധതിയാണ് പ്രവാസികൾക്ക് താങ്ങായി കാത്തിരിക്കുന്നത്. മൂലധന സബ്സിഡിയും പലിശ സബ്സിഡിയും നൽകി പരമാവധി 30 ലക്ഷം രൂപവരെയാണ് വിവിധ സുസ്ഥിര സംരംഭക മാതൃകകൾക്ക് വായ്പയായി നൽകുക. ഇതിനകം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്കു വരാൻ 61,009 പേരും തൊഴിൽ വിസ കാലാവധി കഴിയുകയോ റദ്ദാവുകയോ ചെയ്ത 27,100 പേരും നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുറഞ്ഞത് രണ്ടുവർഷം വിദേശത്ത് ജോലിചെയ്തശേഷം സ്ഥിരമായി നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളെ ലക്ഷ്യമിട്ടാണ് പദ്ധതി. അവർ ചേർന്ന് രൂപവത്കരിച്ച കമ്പനി, ട്രസ്റ്റ്, സൊസൈറ്റി എന്നിവയ്ക്കും വായ്പയ്ക്ക് അപേക്ഷിക്കാം. 15 ശതമാനം സബ്സിഡി കിട്ടും. പരമാവധി മൂന്ന് ലക്ഷം രൂപ വരെ. പലിശ കൃത്യമായി അടയ്ക്കുന്നവർക്ക് ആദ്യ നാലുവർഷത്തേക്ക് മൂന്നുശതമാനം പലിശ സബ്സിഡിയും കിട്ടും.
ഫാം ടൂറിസം, സംയോജിത കൃഷി, ഭക്ഷ്യ സംസ്കരണം, ക്ഷീരോത്പാദനം, മത്സ്യകൃഷി, ആട്-കോഴി വളർത്തൽ, പുഷ്പകൃഷി, പച്ചക്കറി കൃഷി, തേനീച്ച വളർത്തൽ, റസ്റ്റോറന്റ്, ഹോംസ്റ്റേ, റിപ്പയർ ഷോപ്പുകൾ, ഫർണിച്ചർ, തടിവ്യവസായം, ബേക്കറി ഉത്പന്നങ്ങൾ, കംപ്യൂട്ടർ ഉപകരണങ്ങൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, പേപ്പർ റീസൈക്ളിങ്, പൊടിമില്ലുകൾ, ചെറുകിട വ്യാപാരസ്ഥാപനങ്ങൾ, ടാക്സി സർവീസ് എന്നീ സംരംഭങ്ങൾ തുടങ്ങാനാണ് വായ്പ അനുവദിക്കുക.
മാർഗനിർദേശം നൽകുന്നതിനൊപ്പം പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാനും നോർക്കയുടെ സഹായമുണ്ടാകും. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖേന ആദ്യ ആറുമാസത്തേക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നോർക്ക ലഭ്യമാക്കും.
www.norkaroots.org എന്ന വെബ്സൈറ്റിലൂടെ വായ്പയ്ക്ക് രജിസ്റ്റർ ചെയ്യാം. പാസ്പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. രണ്ടുവർഷം വിദേശവാസം തെളിയിക്കാനുള്ള പാസ്പോർട്ട്, റേഷൻ, ആധാർ, പാൻ കാർഡുകൾ, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും വേണം.
15 ബാങ്കുകളുടെ അയ്യായിരത്തിൽ പരം ശാഖകൾവഴിയാണ് വായ്പ അനുവദിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക് എന്നിവയുമായി സഹകരിച്ച് ജാമ്യമോ ഈടോ ഇല്ലാതെ 10 ലക്ഷം രൂപവരെ വായ്പ നൽകാനുള്ള സംവിധാനവും നിലവിലുണ്ട്.
Leave a Comment