ആദ്യഘട്ടത്തില്‍ കേരളത്തിലേയ്ക്ക് എത്തിയ്ക്കുന്നത് 2250 പേരെ; ആകെ കൊണ്ടുവരുന്നത് 80000 പ്രവാസികളെ

ആദ്യ ഘട്ടത്തില്‍ കുറച്ച് പ്രവാസികളെ മാത്രമേ വിദേശങ്ങളില്‍ നിന്ന് കൊണ്ടുവരികയുള്ളൂ എന്നാണ് സൂചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഭിച്ച വിവരം അനുസരിച്ച് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തിച്ചേരുക 2250 പേരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഇന്ത്യ ഗവണ്മെന്റ് ആകെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് 80000 പേരെയാണെന്നും ഒരു വിവരമുണ്ട്. പക്ഷേ, അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയത് അനുസരിച്ച് 169136 പേര്‍ വരും. തിരിച്ചു വരാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ 442000 പേരാണ്. നമ്മള്‍ മുന്‍ഗണന കണക്കാക്കിയത് തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കി കിട്ടാത്തവര്‍, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക് ഡൗണിന്റെ ഭാഗമായി മാതാപിതാക്കളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന കുട്ടികള്‍, വിസിറ്റ് വീസയില്‍ പോയി കാലാവധി കഴിഞ്ഞവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരാണ്. ഇത് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. നമ്മുടെ ആവശ്യം ആദ്യ ഘട്ടത്തില്‍ തന്നെ ഇവരെ നാട്ടിലെത്തിക്കണം എന്നാണ്. അത് കേന്ദ്രം അനുവദിച്ചിട്ടില്ല.

pathram:
Leave a Comment