രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 3900 പോസിറ്റീവ് കേസുകളും 195 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3900 പോസിറ്റീവ് കേസുകളും 195 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം നൂറില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമാണ്. രോഗബാധിതരുടെയും മരണപ്പെട്ടവരുടെയും ഇതുവരെയുണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 46,433 ആയി. ഇതില്‍ 32,134 പേരാണു നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 12,727 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 1568 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.

രാജസ്ഥാനില്‍ ഇന്നു മാത്രം 38 കേസുകളും അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ 3099 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 82 പേര്‍ മരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 771 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 14,541 ആയി. ഇവിടെ 583 പേരാണ് ഇതുവരെ മരിച്ചത്.

ബംഗാളില്‍ രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം 11 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തോടെ ബംഗാളില്‍ മരണസംഖ്യ 61 ആയി ഉയര്‍ന്നു. രോഗബാധിതര്‍ 1259 ആണ്. ഡല്‍ഹിയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ആകെ കേസുകള്‍ 4898. ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി. ആകെ കേസുകള്‍ 2766.

pathram:
Related Post
Leave a Comment