സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുത്തുന്നത് കേന്ദ്ര നിര്‍ദേശം അനുസരിച്ചെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര നിര്‍ദേശം വരുന്നത് എങ്ങനെയെന്ന് മൂന്നാം തീയതി വരെ പരിശോധിക്കും. അതിന് ശേഷമാകും തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരമാണെന്നും ഇളവുകള്‍ വരുത്തുന്നതില്‍ കേന്ദ്ര തീരുമാനത്തില്‍ വെള്ളം ചേര്‍ക്കാനാവില്ലെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
‘കേന്ദ്രം അവരുടെ മാനദണ്ഡപ്രകാരമാണ് സോണുകള്‍ തീരുമാനിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഒരുപടി കൂടി മുന്നോട്ട് പോയി പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടുകള്‍ കൂടി നോക്കും. ഇളവുകള്‍ സംബന്ധിച്ച് കേന്ദ്രം മാര്‍ഗരേഖ പുറപ്പെടുവിക്കും’ടോം ജോസ് പറഞ്ഞു.
ഹോട്ട് സ്‌പോട്ടുകളില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനാവില്ല. റെഡ്, ഗ്രീന്‍ സോണുകള്‍ പുനഃക്രമീകരിക്കുന്നത് സംസ്ഥാനത്തെ വിദഗ്ധ സമിതി പരിശോധിക്കും. പൊതു ഗതാഗതം ഉടന്‍ ഉണ്ടാകില്ല. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ സോണുകള്‍ മാറുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ സംസ്ഥാനത്ത് കോട്ടയം, കണ്ണൂര്‍ ജില്ലകളെ കേന്ദ്രപ്പട്ടികയിലെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി. രാജ്യത്താകെ 130 ജില്ലകള്‍ റെഡ്‌സോണിലാണ്. 284 ജില്ലകള്‍ ഓറഞ്ച് സോണിലാണ്. റെഡ്‌സോണില്‍ തിങ്കളാഴ്ചയ്ക്ക് ശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ഓറഞ്ച് സോണില്‍ ഭാഗിക ഇളവുകള്‍ അനുവദിക്കും.
ഏറ്റവും കൂടുതല്‍ റെഡ് സോണ്‍ ഉള്ളത് ഉത്തര്‍ പ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ഉത്തര്‍ പ്രദേശില്‍ 19 റെഡ് സോണുകളാണ് ഉള്ളത്. 14 റെഡ് സോണുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. തൊട്ടുപിന്നാലെ 12 ഹോട്ട്‌സ്‌പോട്ടുകളുമായി തമിഴ് നാടും, 11 ഹോട്ട് സ്‌പോട്ടുകളുമായി ഡല്‍ഹിയുമുണ്ട്.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 34,000ലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 1,823 പുതിയ കേസുകളും 67 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ 33,610 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. 1,075 പേര്‍ മരിച്ചു. അതേസമയം, റിപ്പോര്‍ട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളില്‍ 25.19 ശതമാനം പേര്‍ രോഗമുക്തി നേടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ സിആര്‍പിഎഫ്, സിഐഎസ്എഫ് ജവാന്മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
Leave a Comment