ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം 20,000 കടന്നു, ഇന്ന് രോഗം സ്ഥിരീകരിച്ചത് 1486 പേര്‍ക്ക്, ഇന്ന് മരിച്ചത് 49 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് മാത്രം 1486 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ രോഗികളുടെ എണ്ണം 20,471 ആയി. രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൂടിയ നിരക്കാണിത്. 24 മണിക്കൂറിനിടയില്‍ 49 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 652 ആയി ഉയര്‍ന്നു.

കേസുകള്‍ ഉയരുന്നുണ്ടെങ്കിലും സുഖം പ്രാപിച്ച ആളുകളുടെ എണ്ണത്തില്‍ പുരോഗതി രേഖപ്പെടുത്തുന്നുണ്ട്. 19.36 ശതമാനമാണ് ഇന്ന് രാവിലത്തെ രോഗമുക്തി നിരക്ക്. മാര്‍ച്ച് 25 ന് ആരംഭിച്ച രാജ്യവ്യാപക ലോക്ക് ഡൗണിന് ശേഷം രോഗവ്യാപനത്തിന്റെ നിരക്ക് കുറയുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

രോഗികളിടെ എണ്ണം ഇരട്ടിയാകുന്ന നിരക്ക് 4 ദിവസത്തില്‍ നിന്ന്, 7.5 ദിവസമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. ഇത് അങ്ങേയറ്റം പോസിറ്റീവ് പ്രവണതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 2 ന് 211 ജില്ലകളിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ അത് 403 ജില്ലകളിലേക്ക് വ്യാപിച്ചു. രാജ്യത്തെ ആകെ കേസുകളുടെ 45 ശതമാനം ആറ് പ്രധാന നഗരങ്ങളിലാണ്. മൂവായിരത്തിലധികം കേസുകളുമായി മുംബൈയാണ് മുന്നില്‍. ഡല്‍ഹി 2,081, അഹമ്മദാബാദ് 1,298, ഇന്‍ഡോര്‍ 915, പൂനെ 660, ജയ്പൂര്‍ 537 എന്നിങ്ങനെയാണ് കേസുകള്‍.

pathram:
Leave a Comment