ജിയോയില്‍ കൈവച്ച് ഫേസ്ബുക്ക്; ഓഹരി വാങ്ങിയത് 43,574 കോടി രൂപയുടേത്…

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയുടെ 9.9 ശതമാനം ഓഹരി ഫെയ്‌സ്ബുക്ക് വാങ്ങി. 43,574 കോടിരൂപയുടേതാണ് ഇടപാട്. ഫെയ്‌സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് സേവനം ആരംഭിക്കാന്‍ പോകുന്നുവെന്ന സൂചനകള്‍ക്കിടയിലാണ് ഈ നീക്കം. വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്.

കരാര്‍ പ്രകാരം ജിയോയ്ക്ക് മൂല്യം 4.62 ലക്ഷം കോടിയായി. ലോകത്തെ ഒരു ടെക്‌നോളജി കമ്പനി മൈനോരിറ്റി സ്‌റ്റേക്കിനു വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഇന്ത്യന്‍ സാങ്കേതിക വിദ്യാ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണിതെന്നും റിലയന്‍സ് അറിയിച്ചു.

ഈ നിക്ഷേപം ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിപത്തിയും ജിയോയുടെ അതിനാടകീയമായ വളര്‍ച്ച തങ്ങളിലുണ്ടാക്കിയ ആവേശവും കാണിക്കുന്നതെന്നാണ് ഫെയ്‌സ്ബുക്ക് പ്രതികരിച്ചത്. തുടങ്ങിയിട്ട് നാല് വര്‍ഷം തികയുന്നതിന് മുമ്പെ 38.8 കോടി ജനങ്ങളെ ഓണ്‍ലൈനില്‍ എത്തിച്ച് പരസ്പരം ബന്ധിപ്പിക്കാന്‍ ജിയോയ്ക്കായി. ജിയോയുമായി ചേര്‍ന്ന് കൂടുതല്‍ ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു.

‘ചെറിയ ചെറിയ വാണിജ്യങ്ങളാണ് സമ്പദ്ഘടനയുടെ അടിവേര്. അവര്‍ക്ക് തങ്ങളുടെ പിന്തുണ വേണ്ടതുണ്ട്. ആറ് കോടി ചെറുകിട വ്യവസായങ്ങള്‍ ഇന്ത്യയിലുണ്ട്. ദശലക്ഷക്കണക്കിനാളുകളാണ് ഈ വ്യവസായങ്ങളെ ആശ്രയിക്കുന്നത്. ലോകം മുഴുവന്‍ ലോക്ക്ഡൗണിലായ സാഹചര്യത്തില്‍ ഇവര്‍ക്ക് ഡിജിറ്റല്‍ സഹായം നല്‍കേണ്ടതുണ്ട്. അതിലൂടെ അവര്‍ക്ക് ഉപഭോക്താക്കളെ കണ്ടെത്താനും വാണിജ്യം തുടരാനും സാധിക്കും. ഇതാണ് ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്. അതിനാലാണ് ജിയോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

pathram:
Leave a Comment