ലോക്ഡൗണും വൈറസ് വ്യാപനം തടയാനുള്ള നടപടികളും ഇല്ലായിരുന്നെങ്കില്‍ ഏപ്രില്‍ 15 ആകുമ്പോഴേക്ക് ഇന്ത്യയില്‍ 8.2 ലക്ഷം രോഗികള്‍ ഉണ്ടാകും.. കണക്കുകള്‍ ഇതാ!

ന്യൂഡല്‍ഹി : ലോക്ഡൗണ്‍ നിര്‍ണായകമെന്നു വ്യക്തമാക്കുന്ന കണക്കുകളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോക്ഡൗണും വൈറസ് വ്യാപനം തടയാനുള്ള മറ്റു നടപടികളും ഇല്ലായിരുന്നെങ്കില്‍ ഏപ്രില്‍ 15 ആകുമ്പോഴേക്ക് ഇന്ത്യയില്‍ 8.2 ലക്ഷം കൊറോണ 19 രോഗികള്‍ ഉണ്ടായേനെയെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് ഇന്നത്തെ നിലയില്‍ രോഗികളുടെ എണ്ണം 2 ലക്ഷം കടക്കേണ്ടതാണ്.

ലോക്ഡൗണും മറ്റു പ്രതിരോധ നടപടികളും ഒരുപോലെ കര്‍ശനാക്കിയതു കൊണ്ടു മാത്രമാണ് 7000ല്‍പരം രോഗികള്‍ എന്ന നിലയില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞത്. ലോക്ഡൗണില്ലാതെ വൈറസ് വ്യാപനം തടയാനുള്ള നടപടികള്‍ മാത്രമായിരുന്നെങ്കില്‍ രോഗികളുടെ എണ്ണം 1.2 ലക്ഷം ആയേനെയെന്നും പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ തിരിച്ചറിയാന്‍ സര്‍ക്കാര്‍ മുന്‍കൂര്‍ തന്നെ നടപടി സ്വീകരിച്ചിരുന്നു.

രോഗികളുടെ എണ്ണം വര്‍ധിച്ചാലും നേരിടാന്‍ ഇന്ത്യ സജ്ജമെന്ന് കേന്ദ്രം സര്‍ക്കാര്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 587 പ്രത്യേക കോവിഡ് ആശുപത്രികളും ഒരു ലക്ഷം ഐസലേഷന്‍ കിടക്കകളും 15000 തീവ്രപരിചരണ സംവിധാനവും ഒരുക്കി കഴിഞ്ഞു. ഇതു വര്‍ധിപ്പിക്കാനുള്ള ശ്രമം തുടരുന്നു. ശനിയാഴ്ച വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 1035 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 40 പേര്‍ മരിച്ചു. പ്രതിദിന കണക്കില്‍ ഏറ്റവും കൂടുതലാണ് ഇത്.

രാജ്യവ്യാപക ലോക്ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ധാരണയായതായി കേന്ദ്ര സര്‍ക്കാര്‍ വക്താവ് കെ.എസ്.ധത്വാലിയ അറിയിച്ചിരുന്നു. ഭൂരിപക്ഷം മുഖ്യമന്ത്രിമാരും ലോക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമുന്നയിച്ചെന്ന് അദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍ നീട്ടുമെന്നു സ്ഥിരീകരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. കോവിഡ് വ്യാപനം സംബന്ധിച്ച രാജ്യത്തെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിനാണ് പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്.

pathram:
Leave a Comment