നിരീക്ഷണത്തിനിടെ വീട് ആക്രമിച്ചു; അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടു; പ്രതിഷേധിച്ച് പെണ്‍കുട്ടി നിരാഹാരത്തില്‍

പത്തനംതിട്ട: നിരീക്ഷണത്തിലിരിക്കെ ആക്രമണത്തിനിരയായ പെണ്‍കുട്ടി പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നിരാഹാര സമരം ആരംഭിച്ചു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. നിരീക്ഷണത്തില്‍ തുടരവേയാണ് പെണ്‍കുട്ടി വീട്ടില്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.

സംഭവത്തില്‍ പോലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് നിസാര വകുപ്പുകളാണെന്നും പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി ഗൗരവമായി എടുക്കാതെ ചില മാറ്റങ്ങള്‍ വരുത്തിയാണ് രേഖപ്പെടുത്തിയതെന്നും പെണ്‍കുട്ടിയും കുടുംബവും ആരോപിക്കുന്നു. അതുകൊണ്ട് തന്നെ ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

കേസില്‍ ആറ് പ്രതികളെയാണ് പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇവര്‍ ആറ് പേരും സിപിഎം പ്രവര്‍ത്തകരാണ്. ഇത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി സംഭവത്തോട് പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട ആറ് പ്രതികളെയും അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആദ്യം മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇന്ന് മൂന്ന് പേരെകൂടി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.

pathram:
Leave a Comment