കര്‍ണാടകയ്ക്ക് തിരിച്ചടി; അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടണം; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തില്ല

ന്യൂഡല്‍ഹി: അതിര്‍ത്തികള്‍ തുറക്കണമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച കര്‍ണാടകയ്ക്കു തിരിച്ചടി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന കര്‍ണാടകയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടേണ്ടിവരുമെന്നു സുപ്രീം കോടതി വ്യക്തമാക്കി.

പ്രശ്‌നപരിഹാരത്തിന് പ്രത്യേക സമിതി വേണം. സംയുക്ത സമിതി രൂപീകരിക്കണം. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.രോഗികളെ കടത്തിവിടാന്‍ മാര്‍ഗരേഖ തയാറാക്കണം. ഇതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിച്ചു. കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാര്‍ ഉള്‍പ്പെട്ടതാണു സമിതി. ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോള്‍ തീരുമാനം അറിയിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

കേരള–- കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ അടച്ചിട്ട ദേശീയപാത തുറക്കണമെന്നു കേരള ഹൈക്കോടതി വിധിച്ചിട്ടും നടപ്പാക്കാന്‍ കര്‍ണാടക തയാറായിരുന്നില്ല. അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു സുരക്ഷ ശക്തമാക്കുകയാണു കര്‍ണാടക ചെയ്തത്.

മംഗളൂരുവിലെ ആശുപത്രികളിലേക്ക് അത്യാസന്ന നിലയിലുള്ള രോഗികളുമായെത്തിയ ആംബുലന്‍സുകള്‍ ഇന്നലെയും തിരിച്ചു വിട്ടു. ദക്ഷിണ കന്നഡ ജില്ലയിലെ 8 സ്വകാര്യ മെഡിക്കല്‍ കോളജുകളോടു കേരളത്തില്‍ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്നു ജില്ലാ ആരോഗ്യ ഓഫിസര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സാധിക്കില്ലെന്നു സുപ്രീം കോടതി തന്നെ അറിയിച്ചത്.

pathram:
Leave a Comment