സംസ്ഥാനത്ത് 286 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി. ഇന്ന് വൈറസ് സ്ഥിരീകരിച്ച 21 പേരില്‍ എട്ടു പേര്‍ കാസര്‍കോട് ജില്ലക്കാരും അഞ്ചു പേര്‍ ഇടുക്കിയില്‍ നിന്നുമാണ്. കൊല്ലത്ത് രണ്ട്, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണു രോഗം.

കേരളത്തില്‍ ഇതുവരെ 286 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. അതില്‍ 256 പേര്‍ ചികിത്സയിലുണ്ട്. 1,65,934 പേര്‍ നിരീക്ഷണത്തിലാണ്. 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 8456 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇതുവരെ രോഗബാധയുണ്ടായ 200 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. ഏഴു പേര്‍ വിദേശികളാണ്. രോഗികളുമായി സമ്പര്‍ക്കം മൂലം 76 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ടു പേര്‍ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയവരാണ്. 28 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഓരോ ആളുകള്‍ക്ക് രോഗം മാറിതായി സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വിഡിയോ കോണ്‍ഫറന്‍സ് നടത്തിയതിന്റെ വിശദാംശങ്ങളും മുഖ്യമന്ത്രി വെളിപ്പെടുത്തി. സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. ലോകത്താകെ വ്യാപിച്ചു കിടക്കുന്നവരാണു മലയാളികള്‍. അവരുടെ സുരക്ഷയ്ക്ക് കേന്ദ്രം ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. വിദേശത്ത് ക്വാറന്റീന്‍ ഇന്ത്യന്‍ എംബസികളുടെ കീഴില്‍ ഒരുക്കണം. നഴ്‌സുമാര്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണം. കൊറോണ ബാധിച്ചല്ലാതെ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു

pathram:
Leave a Comment