കര്‍ണാടകയുടെ വാദം പൊളിച്ച് കേരളം; ചികിത്സിക്കാന്‍ മംഗലാപുരത്തെ ആശുപത്രികള്‍ തയാറെന്ന് സത്യവാങ്മൂലം

കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ കര്‍ണാടക അടച്ചത് സംബന്ധിച്ച കേസില്‍ കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചു. മംഗലാപുരത്തെ ആശുപത്രികള്‍ നിറഞ്ഞെന്ന കര്‍ണാടകത്തിന്റെ വാദം തെറ്റാണെന്ന് സത്യവാങ്മൂലത്തില്‍ കേരളം ചൂണ്ടിക്കാണിച്ചു. കാസര്‍കോട് നിന്നുള്ള രോഗികളെ ചികിത്സിക്കാന്‍ തയ്യാറാണെന്ന മംഗലാപുരത്തെ ആശുപത്രിയില്‍ നിന്നുള്ള കത്ത് ഉള്‍പ്പെടെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

കണ്ണൂര്‍, വയനാട് അതിര്‍ത്തികള്‍ തുറക്കാമെന്നും എന്നാല്‍ കാസര്‍കോടേക്കുള്ള റോഡുകള്‍ തുറക്കില്ലെന്നുമാണ് കര്‍ണാടക ഇന്നലെ ?ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, രോഗികളെ തടയുന്ന സാഹചര്യമുണ്ടാകരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ കര്‍ണാടക ചീഫ് സെക്രട്ടറി ഇന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.

രോഗികളെ പോലും കടത്തിവിടാത്ത കര്‍ണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് കേരളം പറയുന്നു. പതിറ്റാണ്ടുകളായി കാസര്‍കോട് ജില്ലയിലെ ആളുകള്‍ ചികിത്സയ്ക്കായി മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. സ്ഥിരമായി പരിശോധനാകളും തുടര്‍ചികിത്സകളും വേണ്ടവര്‍ നിരവധിയാണ്. ഇവര്‍ക്കെല്ലാം ചികിത്സ നിഷേധിക്കപ്പെടുന്നു. ഇതുവരെ ചികിത്സ ലഭിക്കാതെ ആറുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് ജാഗ്രതയ്ക്കായി അതിര്‍ത്തി അടയ്ക്കുമ്പോള്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ചികിത്സാ ആവശ്യത്തിന് വരുന്നവരെ തടയരുതെന്ന് മാര്‍ച്ച് 23ന് കര്‍ണാടക ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവും കേരളം കോടതിയില്‍ സമര്‍പ്പിച്ചു. കേരള അതിര്‍ത്തിയ്ക്കകത്തേക്ക് അതിക്രമിച്ചു കയറി കര്‍ണാടക വഴി തടഞ്ഞത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും സംസ്ഥാനം ബോധിപ്പിച്ചിട്ടുണ്ട്. കേസില്‍ വാദം തുടരുകയാണ്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് നടപടികള്‍.

pathram:
Leave a Comment