കോറോണ പ്രതിരോധം; നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ഗുരുതര വീഴ്ച

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊറോണ സ്ഥിരീകരിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം ജോലി ചെയ്തവരെ ക്വാറന്റീനില്‍ വിടുന്നതില്‍ ആരോഗ്യവകുപ്പിന് അനാസ്ഥ. രോഗബാധിതനായി ഇദ്ദേഹം കഴിഞ്ഞ 21ന് ജോലിയില്‍ നിന്ന് പോയെങ്കിലും കൂടെ ജോലി ചെയ്തവര്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്താതിരുന്നത് കാര്യം കൂടുതല്‍ ഗുരുതരമാക്കിയേക്കും എന്നാണ് വിലയിരുത്തല്‍. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം ജോലി ചെയ്തവര്‍ സമ്പര്‍ക്ക വിലക്കില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത് ഇന്നലെയാണ്. ഇദ്ദേഹത്തിന് കൊറോണ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതും ഇന്നലെയായിരുന്നു.

വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കടുത്ത പനിയുമായി മടങ്ങിയത് 21നാണ്. തൊട്ടടുത്ത ദിവസം 22ന് രാജ്യാന്തര സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കമുള്ള ആരോഗ്യ സംഘവും വിമാനത്താവളം വിട്ടു. ക്വാറന്റീനില്‍ പോകേണ്ടതല്ലേയെന്ന് നഴ്‌സുമാരടക്കം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെ ഇവര്‍ക്ക് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലേക്കു മടങ്ങേണ്ടി വന്നു. ജില്ലയിലെ പിഎച്ച്‌സികളില്‍ നിന്ന് ഉള്‍പ്പെടെ എത്തിയവരായിരുന്നു ഇവര്‍.

ഇതിനിടെയാണ് ഈ സംഘത്തിലുണ്ടായിരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. തൊട്ടുപിന്നാല വിമാനത്താവളത്തില്‍ ജോലിയിലുണ്ടായിരുന്നവര്‍ ജോലി സ്ഥലത്തു നിന്നു മടങ്ങിയ ദിവസം മുതല്‍ 14 ദിവസത്തേയ്ക്ക് ക്വാറന്റീനില്‍ പോകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉത്തരവ് ഇറക്കുകയായിരുന്നു. 22ന് നെടുമ്പാശേരിയിലെ ഡ്യൂട്ടി അവസാനിപ്പിച്ച് പോയ മെഡിക്കല്‍ സംഘത്തിലുള്ളവര്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ജോലിസ്ഥലത്തും വീട്ടിലും ഉള്‍പ്പടെ നൂറുകണക്കിന് ആളുകളുമായി ഇടപെട്ടിട്ടുണ്ട് എന്നത് കാര്യങ്ങള്‍ ഗുരുതരമാക്കും.

എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പുറത്തിറക്കിയ ഉത്തരവു പ്രകാരം ഐസലേഷന്‍ ഡ്യൂട്ടികളില്‍ ഉള്ളവര്‍ക്ക് ഡ്യൂട്ടി കാലാവധി കഴിഞ്ഞാല്‍ 14 ദിവസം സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

pathram:
Leave a Comment