ആര്‍എസ്എസ് നിലപാട് ഹിറ്റ്‌ലറുടെ നയം; മുഖ്യമന്ത്രി

കൊച്ചി: രാജ്യത്തു നിന്നു മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരേയും നിഷ്‌കാസനം ചെയ്യണമെന്ന ആര്‍എസ്എസ് നിലപാട് ഹിറ്റ്‌ലറുടെ നയത്തില്‍ നിന്നും വാക്കുകളില്‍ നിന്നും രൂപപ്പെട്ടിട്ടുള്ളതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൃതി രാജ്യാന്തര പുസ്തക മേളയില്‍ ‘ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തു നിന്നു മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരേയും നിഷ്‌കാസനം ചെയ്യണമെന്ന് ഏതു വേദത്തിലും ഉപനിഷത്തിലുമാണു പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.
‘ദേശീയ പൗരത്വ റജിസ്റ്റര്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന പരസ്യ നിലപാട് കേന്ദ്ര സര്‍ക്കാരിനെയും കോടതിയെയും അറിയിച്ചിട്ടുണ്ട്.
ഇവിടെ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടതില്ലെങ്കിലും ഇന്ത്യയില്‍ മുഴുവന്‍ അതേ സാഹചര്യം ഉണ്ടാകാനായി പ്രക്ഷോഭങ്ങളും സമരങ്ങളും ശക്തമാക്കണം.

യുവാക്കളാണ് ഈ പ്രക്ഷോഭത്തില്‍ മുന്നില്‍. ഭരണകൂടം ഈ സമരങ്ങളെ നേരിട്ടത് എത്ര കിരാതമായ രീതിയിലാണെന്ന് ഓര്‍ക്കണം. രാജ്യത്തെ വിവിധ സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളുടെയെല്ലാം ലക്ഷ്യം ബ്രിട്ടിഷുകാരില്‍ നിന്നുള്ള മോചനമായിരുന്നു. എന്നാല്‍ ബ്രിട്ടിഷുകാരോട് സമരസപ്പെടാന്‍ തയ്യാറായവരും ദേശീയ പ്രസ്ഥാനത്തെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിച്ചവരും ബ്രിട്ടിഷ് വാഴ്ച തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് പറഞ്ഞവരും ആര്‍എസ്എസ് ആണ്.

ബ്രിട്ടിഷുകാര്‍ നട്ട വര്‍ഗീയ ചേരിതിരിവിന്റെ വിത്തിനെ ഏറ്റെടുത്തത് ആര്‍എസ്എസ് ആണ്. ഭാരതീയ സംസ്‌കാരത്തെയല്ല, ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ ജൂതന്‍മാരെ കൈകാര്യം ചെയ്ത രീതിയാണ് ആര്‍എസ്എസ് അനുകരിക്കുന്നത്. മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വിവിധ പുസ്തകങ്ങള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കോട്ടയത്ത് എസ്പിസിഎസിന് സ്വന്തമായുള്ള ഭൂമിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ഈ വര്‍ഷം സാഹിത്യ മ്യൂസിയം നിര്‍മിക്കാനുദ്ദേശിക്കുന്നതായി അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു

pathram:
Leave a Comment