നിരാശയുടെ നിമിഷങ്ങള്‍; വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു; ലക്ഷ്യത്തില്‍നിന്ന് തെന്നിമാറി ചന്ദ്രയാന്‍ -2 ദൗത്യം

ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമായ ചന്ദ്രയാന്‍-2ന് ലക്ഷ്യം കാണാനായില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെയെത്തി പ്രതീക്ഷ പകര്‍ന്ന വിക്രം ലാന്‍ഡര്‍, മുന്‍നിശ്ചയിച്ച പാതയില്‍നിന്ന് തെന്നിമാറുകയായിരുന്നു. ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സില്‍ (ഇസ്ട്രാക്ക്) അതുവരെ കൈയടികളോടെ കാത്തിരുന്ന ഗവേഷകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള പ്രമുഖരെയും കോടിക്കണക്കിന് ഇന്ത്യക്കാരെയും നിരാശയിലാഴ്ത്തി ദൗത്യം ലക്ഷ്യത്തില്‍നിന്നകന്നു.

‘ഇസ്ട്രാക്കി’ല്‍നിന്നാണ് ലാന്‍ഡറിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത്. ചന്ദ്രനില്‍നിന്നുള്ള ഏറ്റവുംകുറഞ്ഞ ദൂരമായ 35 കിലോമീറ്ററെത്തിയപ്പോള്‍ ഇറങ്ങുന്നതിനുള്ള കമാന്‍ഡ് നല്‍കി. പുലര്‍ച്ചെ 1.38-ന് ചന്ദ്രോപരിതലത്തില്‍നിന്ന് 30 കിലോമീറ്റര്‍ മുകളിലായിരുന്നു വിക്രം. പത്തുമിനിറ്റുകൊണ്ട് മുന്‍നിശ്ചയപ്രകാരം ചന്ദ്രന് 7.4 കിലോമീറ്റര്‍ അടുത്തേക്ക് റഫ് ലാന്‍ഡിങ്ങിലൂടെ ലാന്‍ഡറിനെ താഴ്ത്തി. ചരിഞ്ഞപാതയില്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡറിനെ കുത്തനെ ഇറക്കേണ്ട ഫൈന്‍ ലാന്‍ഡിങ് ഘട്ടമായിരുന്നു അടുത്തത്. പൊടുന്നനെ വിക്രമില്‍നിന്നുള്ള സിഗ്നല്‍ നഷ്ടപ്പെട്ടു.

ഇന്നോളമുള്ള ചാന്ദ്രദൗത്യങ്ങളൊന്നും തൊട്ടിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങാനായിരുന്നു ഐ.എസ്.ആര്‍.ഒ. പദ്ധതിയിട്ടിരുന്നത്. പര്യവേക്ഷണവാഹനം ചന്ദ്രനില്‍ പതിയെ ഇറക്കുന്ന (സോഫ്റ്റ് ലാന്‍ഡിങ്) നാലാമത്തെ രാജ്യമാവുകയെന്ന ഇന്ത്യയുടെ സ്വപ്നവും അവസാന നിമിഷം തെന്നിമാറി. ദക്ഷിണധ്രുവത്തിലെ മാന്‍സിനസ്-സി, സിംപീലിയസ്-എന്‍ എന്നീ ഗര്‍ത്തങ്ങള്‍ക്കിടയില്‍ 22.8 ഡിഗ്രി കിഴക്കായാണ് ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്നത്. ഇതിലേക്ക് കൃത്യമായി എത്തിക്കൊണ്ടിരുന്ന ലാന്‍ഡര്‍ പെട്ടെന്ന് ഗതിമാറുകയായിരുന്നു.

ആകാംക്ഷയും ഉത്കണ്ഠയും നിറഞ്ഞ മണിക്കൂറുകള്‍ പിന്നിട്ടാണ് ചന്ദ്രയാന്‍-2ന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിനടുത്തെത്തിയത്. അവസാനനിമിഷങ്ങള്‍ അനിശ്ചിതത്വത്തിന്റേതാണെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ആ ആശങ്ക സത്യമായി മാറി.

സിഗ്നല്‍ നഷ്ടമായത് മറ്റു ശാസ്ത്രജ്ഞരുമായി സംസാരിച്ച് സ്ഥിരീകരിച്ച ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പ്രധാനമന്ത്രിയുടെ അരികിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. അല്പനേരം നിരാശനായി ഇരുന്ന പ്രധാനമന്ത്രി 1.58-ന് ഇസ്ട്രാക്കില്‍നിന്ന് മടങ്ങി.

ജൂലായ് 22-ന് ഉച്ചതിരിഞ്ഞ് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍നിന്നാണ് ചാന്ദ്രയാന്‍-2 യാത്ര തുടങ്ങിയത്. ജി.എസ്.എല്‍.വി. മാര്‍ക്ക്-3യെന്ന ‘ബാഹുബലി’യുടെ ചിറകിലായിരുന്നു ആ സ്വപ്നയാത്ര. 23 ദിവസം ഭൂമിയെ ചുറ്റി, 18 നാള്‍ ചന്ദ്രനെ വലംവെച്ചാണ് ചന്ദ്രയാന്‍-2 ദക്ഷിണധ്രുവത്തോട് അടുത്തത്.

pathram:
Leave a Comment