ശ്രീരാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍; ജാമ്യമില്ലാ വകുപ്പില്‍ കേസ്

തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടസംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍. ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. ഇതിനിടെ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മ്യൂസിയം പോലീസാണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലര്‍ച്ചെ വഫയും ശ്രീറാം വെങ്കിട്ടരാമനും സഞ്ചരിച്ചിരുന്ന കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീര്‍ മരിച്ചിരുന്നു. അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച നിലയിലായിരുന്നു. എന്നാല്‍ വഫയാണ് കാറ് ഓടിച്ചിരുന്നതെന്നാണ് ശ്രീറാം പോലീസിനോട് പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്നാണ് മജിസ്ട്രേറ്റിന് മുന്നില്‍ വഫയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്.

എന്നാല്‍ പോലീസ് ചോദ്യം ചെയ്യലില്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് കാറോടിച്ചിരുന്നതെന്ന് വഫ മൊഴി നല്‍കുകയുണ്ടായി. ദൃക്സാക്ഷി മൊഴികളും ശ്രീറാമാണ് വാഹനമോടിച്ചിരുന്നത് എന്ന് തന്നെയായിരുന്നു. അന്വേഷണത്തിലും നടപടികളിലും ആദ്യം വിമുഖ കാണിച്ച പോലീസ് പ്രതിഷേധം ശക്തമായതോടെയാണ് രക്ത പരിശോധനയടക്കം നടത്താന്‍ തയ്യാറായത്. ശ്രീറാം വെങ്കിട്ടരാമന്റെ പേരില്‍ ജാമ്യമില്ലാ കുറ്റം ചുമത്താനും ഡിജിപിയുടെ നിര്‍ദേശമുണ്ടായിരുന്നു.

ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടതെന്നാണ് വഫ ഫിറോസിന്‍റെ മൊഴി. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്‍റെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെയും വഫയുടെ പേരിലുള്ള കെ എല്‍ -1-ബിഎം 360 എന്ന കാറിന് മോട്ടോര്‍വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. മൂന്ന് തവണയും അമിത വേഗതയ്ക്കാണ് പിഴ ചുമത്തിയിരുന്നത്.

അപകടമുണ്ടാക്കിയ കാറോടിച്ചത് താനല്ലെന്നും സുഹൃത്തായ യുവതിയാണെന്നുമുള്ള ശ്രീറാമിന്‍റെ മൊഴി തള്ളിയ പൊലീസ് വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ശ്രീറാമിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള ശ്രീറാമിനെ ഉടനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് സൂചന. അതിനു ശേഷം അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഇന്ന് രാവിലെ മ്യൂസിയം പൊലീസ് എഴുതിയ ആദ്യത്തെ എഫ്ഐആറില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് മാത്രമാണ് ചേര്‍ത്തത്.

വാഹനം ഓടിച്ചയാളുടെ അശ്രദ്ധ മൂലമുണ്ടായ അപകടം എന്നല്ലാതെ ശ്രീറാമിന്‍റേയോ സുഹൃത്ത് വഫയുടേയോ പേര് എഫ്ഐആറില്‍ പറയുന്നില്ല. എന്നാല്‍ കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പൊലീസ് ശ്രീറാമിനേയും പ്രതി ചേര്‍ക്കും എന്നാണ് സൂചന. മദ്യപിച്ചാണ് വണ്ടി ഓടിച്ചതെന്ന് രക്തപരിശോധനയില്‍ കൂടി തെളിഞ്ഞാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 185 വകുപ്പ് ചുമത്തി പൊലീസ് ശ്രീറാമിനെതിരെ കേസെടുക്കും.

മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ ക്രിമിനൽ കുറ്റമാണിത്. എഫ്ഐആറില്‍ പ്രതിയാവുന്ന പക്ഷം സിവില്‍ സര്‍വ്വീസ് ചട്ടമനുസരിച്ച് ഐഎഎസുകാരനും സര്‍വ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാമിന് സസ്പെന്‍ഷന്‍ ലഭിച്ചേക്കാം എന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment