കൊച്ചിയിലും ഹൗസ് ബോട്ടുകള്‍ എത്തുന്നു

കൊച്ചി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെയും സഹകരണത്തോടെ ഗ്രീനിക്സ് വെഞ്ചേഴ്സും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമ്പയര്‍ മറൈന്‍ ഇന്റര്‍നാഷണലും ചേര്‍ന്ന് കൊച്ചിയില്‍ 50 ഹൗസ് ബോട്ടുകള്‍ എത്തിക്കുന്നു. ആദ്യഘട്ടത്തില്‍ ഒരു ഹൗസ് ബോട്ടും വിനോദ സഞ്ചാര കപ്പലും രണ്ട് സ്പീഡ് ബോട്ടുകളും സര്‍വീസ് ആരംഭിക്കും.

ആദ്യ ഹൗസ് ബോട്ടിന്റെ ലോഞ്ചിംഗും ക്രൂയിസ് ടെര്‍മിനലിന്റെ ഉദ്ഘാടനവും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ നിര്‍വ്വഹിച്ചു. ടൂറിസം രംഗത്തേക്ക് കടന്നുവരുന്ന എല്ലാ സംരംഭകര്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണ്ണ സഹകരണം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് ടൂറിസം മേഖലയ്ക്ക് വലിയ ഉലച്ചില്‍ സംഭവിച്ചിരുന്നെങ്കിലും സര്‍ക്കാരിന്റെ നയതന്ത്രപരമായ ഇടപെടലുകളിലൂടെ അതിവേഗം കേരളത്തിന് കരകയറാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ഹൗസ് ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍ തുടങ്ങിയവ എത്തുന്നതോടെ ടൂറിസം രംഗത്ത് കൊച്ചി ചരിത്രം കുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിടിപിസിയുടെ പഴയ ക്രൂയിസ് ടെര്‍മിനല്‍ നവീകരിച്ചാണ് ബോട്ട് സര്‍വ്വീസ് ആരംഭിക്കുന്നത്. കൊച്ചിയില്‍ ഒരു ബോട്ട് ഹബ്ബ് എന്ന ലക്ഷ്യമാണ് ഇതുവഴി യാഥാര്‍ത്ഥ്യമാകുന്നത്. തദ്ദേശവാസികള്‍ക്ക് ബോട്ട് നിര്‍മ്മിക്കാനും ബോട്ട് സവാരിയില്‍ വീട്ടില്‍ തയാര്‍ ചെയ്ത നാടന്‍ രുചികള്‍ പരിചയപ്പെടുത്തി വീട്ടമ്മമാര്‍ക്കൊരു കൈത്താങ്ങാനും ഇതുവഴി ലക്ഷ്യമിടുന്നു. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി എന്‍. പ്രശാന്ത്, സിനിമ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിവിധ ടൂറിസം ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

pathram:
Leave a Comment