കേരളത്തിന്റെ സ്വന്തം ജിപിഎസ്..!!! വാഹനങ്ങളുടെ വേഗത, പോകുന്ന വഴി എല്ലാം ഇനി മോട്ടോര്‍ വാഹന വകുപ്പിന് അറിയാം…

ഗൂഗിളിന്റെതിന് സമാനമായി ഒരു പൊതുമേഖലാ സ്ഥാപനം ജിപിഎസ് നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുന്നു. മന്ത്രി ഇ.പി. ജയരാജന്‍ ബുധനാഴ്ച ജിപിഎസ് വിപണിയിലിറക്കും. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെയും സംസ്ഥാന മോട്ടോര്‍വാഹന വകുപ്പിന്റെയും അംഗീകാരം ലഭിച്ചു.

ഇതാദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ജിപിഎസ് നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നത്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീറ്റര്‍ കമ്പനി എന്നറിയപ്പെടുന്ന സ്ഥാപനമാണ് ഇതിന്റെ നിര്‍മ്മാണത്തിന് പിന്നില്‍. വൈദ്യുത ബോര്‍ഡിന് മീറ്ററുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന കമ്പനിയാണിത്.

സംസ്ഥാനത്തെ വിവിധതരം വാഹനങ്ങളില്‍ 2020-ഓടെ ഘട്ടംഘട്ടമായി ജി.പി.എസ്. ഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിലൂടെ വാഹനങ്ങളുടെ സഞ്ചാരപഥം, വേഗം എന്നിവയെല്ലാം മോട്ടോര്‍വാഹന വകുപ്പിന് നിരീക്ഷിക്കാനാകും. യാത്രക്കാരുടെ സുരക്ഷയ്ക്കായി പാനിക് ബട്ടണ്‍ സംവിധാനവുമുണ്ട്. അപകടഘട്ടങ്ങളില്‍ ഈ ബട്ടണില്‍ അമര്‍ത്തിയാല്‍ വാഹനം നില്‍ക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരം കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും.

ആദ്യപടിയായി സ്‌കൂള്‍ വാഹനങ്ങളില്‍ ജൂണ്‍മുതല്‍ ജി.പി.എസ്. നിര്‍ബന്ധമാക്കും. ‘സുരക്ഷാമിത്ര’ എന്നുപേരിട്ടിരിക്കുന്ന പദ്ധതി ആറുമാസം മുമ്പാണ് തുടങ്ങിയത്. ഇത് അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ബസ് ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളിലും ജി.പി.എസ്. ഘടിപ്പിക്കേണ്ടിവരും.

കേന്ദ്ര മാനദണ്ഡമായ ‘എ.ഐ.എസ്. 140’ നിബന്ധന പാലിക്കുന്ന ജി.പി.എസ്. ഉപകരണങ്ങളാണ് കേരളം നിര്‍മിക്കുന്നത്. ഈ നിബന്ധന പാലിക്കുന്ന 23 കമ്പനികളെ മോട്ടോര്‍വാഹനവകുപ്പ് അംഗീകരിച്ച് പട്ടിക തയ്യാറാക്കിയിരുന്നു. ഇവയെല്ലാം കേരളത്തിനു പുറത്തുനിന്നുള്ള സ്ഥാപനങ്ങളാണ്.

സേവനത്തിലെ പോരായ്മകള്‍ കാരണം മറ്റു സംസ്ഥാന സ്ഥാപനങ്ങളുടെ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ വാഹനയുടമകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയപ്പോള്‍ സംസ്ഥാനത്ത് ആദ്യമെത്തിയ കമ്പനികളില്‍ പലരും പിന്നീട് വിപണിയില്‍ നിലയുറപ്പിച്ചില്ല. ഇവരുടെ ഉപകരണങ്ങള്‍ വാങ്ങിയവര്‍ അറ്റകുറ്റപ്പണി നടത്താന്‍ ബുദ്ധിമുട്ടി. ജി.പി.എസിന്റെ കാര്യത്തിലും ഇതേ പരാതിയാണ് ഉടമകള്‍ക്കുണ്ടായിരുന്നത്. പൊതുമേഖലാ സ്ഥാപനത്തിന്റെ സാന്നിധ്യം ഈ ആശങ്ക പരിഹരിക്കുമെന്നാണ് വിലയിരുത്തല്‍.

pathram:
Leave a Comment