കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന കടുത്ത സമ്മര്‍ദ്ദത്തിനിടെ ഒരു കാരണവശാലും മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി. ആന്ധ്രയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിച്ചു എന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹം സംസ്ഥാനത്ത് തിരിച്ചെത്തിയത്. താന്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ലെന്നും തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് മാധ്യമങ്ങളാണെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
ഒന്നില്‍ കൂടുതല്‍ പേരുകള്‍ ഉയര്‍ന്ന മണ്ഡലങ്ങളിലെ ചര്‍ച്ചകളാണ് ദില്ലിയില്‍ നടക്കുന്നതെന്നും സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുതന്നെ വരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്ഥാനാര്‍ത്ഥിയാകാന്‍ അവസാനം നിമിഷം വരെയും വലിയ സമ്മര്‍ദ്ദമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായത്.
കോണ്‍ഗ്രസിന് ഏറ്റവും വിജയ സാദ്ധ്യത കണക്കാക്കുന്ന വയനാട് സീറ്റ് ടി സിദ്ദിഖിന് നല്‍കണമെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വയനാട് ഐ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റാണെന്നും ഷാനിമോള്‍ ഉസ്മാനോ കെ പി അബ്ദുള്‍ മജീദിനോ സീറ്റ് നല്‍കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. വയനാട് സീറ്റിനെ ചൊല്ലി തെരഞ്ഞെടുപ്പ് സമിതിയില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ് എന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് ദില്ലി യാത്ര ഒഴിവാക്കി ഉമ്മന്‍ചാണ്ടി കേരളത്തിലേക്ക് മടങ്ങിയത്.
സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ക്കൊപ്പം പങ്കെടുത്തിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിനുശേഷം ആന്ധ്രയില്‍ പോകേണ്ട അത്യാവശ്യം ഉണ്ടായെന്നും എംഎല്‍എ റോസമ്മ ചാക്കോയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് കേരളത്തിലേക്ക് മടങ്ങിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ അത് യുഡിഎഫിന്റെ വിജയത്തിന് മുതല്‍ക്കൂട്ടാകും എന്ന് തുടക്കം മുതല്‍ വിലയിരുത്തലും ഉണ്ടായിരുന്നു. മത്സരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ പത്തനംതിട്ട മണ്ഡലമാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി പരിഗണിച്ചിരുന്നത്.
Leave a Comment