ടോം വടക്കന്‍ കേരളത്തില്‍ ബിജെപി സ്ഥാനാര്‍ഥി..? ബിജെപി വിളിച്ചാല്‍ ഇനിയും നിരവധി പേര്‍ വരും; ഇതൊരു തുടക്കം മാത്രമെന്ന് ശ്രീധരന്‍ പിള്ള

കൊച്ചി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്‍ കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. തൃശൂരോ ചാലക്കുടിയോ ടോം വടക്കന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

സ്ഥാനാര്‍ത്ഥിയാകണമെന്ന നിരന്തര ആഗ്രഹം കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതിന്റെ പ്രതിഷേധമാണ് ബിജെപിക്കൊപ്പം പോകാനുള്ള തീരുമാനത്തിന് വടക്കനെ പ്രേരിപ്പിച്ചതെന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലും ടോം വടക്കനെ മാറ്റി നിര്‍ത്തിയുള്ള പട്ടികയാണ് ഹൈക്കമാന്റ് പരിഗണിക്കുന്നതും. ഇതില്‍ വലിയ പ്രതിഷേധം ടോം വടക്കന് ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

മൂന്ന് ദിവസം മുന്‍പ് വരെ കോണ്‍ഗ്രസിനെ ന്യായീകരിച്ച് പൊതു വേദികളിലെത്തിയിരുന്ന ടോം വടക്കന്‍ മൂന്ന് ദിവസത്തിനകമാണ് നിലപാട് അട്ടിമറിച്ച് ബിജെപിക്കൊപ്പം പോയതും മെമ്പര്‍ഷിപ്പ് കൈപ്പറ്റിയതും. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വടക്കന്‍ ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ ടോം വടക്കന്‍ മാധ്യമങ്ങളോട് പറയുമ്പോള്‍ അത് നല്‍കുന്ന സൂചനയും മറ്റൊന്നല്ല.

മുന്‍ കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന്റെ തുടക്കമാണ് ഇതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ഇനിയും ഇത് തുടരും. ബിജെപി വിളിച്ചാല്‍ ആ നിമിഷം വരാന്‍ ആളുകള്‍ തയ്യാറാണെന്നും ശ്രീധരന്‍ പിളള കൂട്ടിച്ചേര്‍ത്തു.

ടോം വടക്കന്റെ കളം മാറ്റം നേരത്തേ അറിഞ്ഞിരുന്ന താന്‍ മാധ്യമങ്ങളോട് പറയാതിരുന്നതാണ്. ഒരു പാര്‍ട്ടി അധഃപതിച്ചാല്‍ അതില്‍ ഒരു പരിതിയുണ്ടെന്ന് കോണ്‍ഗ്രസിനെ പരിഹസിച്ച് ശ്രീധരന്‍പിള്ള പറഞ്ഞു. പുല്‍വാമ ഭീകരാക്രമണ വിഷയത്തില്‍ രാഹുല്‍ എടുത്തത് ശരിയായ നിലപാടായിരുന്നില്ല. പട്ടാളക്കാരെ അഭിനന്ദിച്ച രാഹുല്‍ എന്നാല്‍ തീരുമാനം എടുത്തവരെ കണ്ടില്ലെന്ന് നടിച്ചു.

കേരളത്തിലെത്തിയ രാഹുല്‍ ശബരിമല വിഷയത്തെ കുറിച്ച് മിണ്ടിയില്ല. കാപട്യങ്ങളുടെ മുഖമായി കോണ്‍ഗ്രസ് മാറുമ്പോള്‍ ഇത് തുടക്കം മാത്രമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അപ്രതീക്ഷിതമായാണ് കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന ടോം വടക്കന്‍ പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ട് ചുവട് മാറിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ടോം വടക്കന്‍ കുറച്ച് നാളായി അസ്വസ്ഥാനായിരുന്നു. കേരളത്തില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു.

pathram:
Related Post
Leave a Comment