അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറി; ആഹ്ലാദ നിമിഷത്തില്‍ രാജ്യം

വാഗാ: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറി. വാഗ അതിര്‍ത്തി വഴിയാണ് അഭിനന്ദനെ കൈമാറിയത്. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജെടി കുര്യനാണ് സ്വീകരിച്ചത്. അഭിനന്ദന്റെ മാതാപിതാക്കളും വാഗ അതിര്‍ത്തിയില്‍ എത്തിയിരുന്നു. അല്‍പ്പസമയത്തിനകം മാധ്യമങ്ങള്‍ക്ക് മുന്‍പിലേക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല. പ്രോട്ടോക്കോള്‍ തടസ്സമാണ് കാരണം.

പൊതു ജനങ്ങള്‍ക്ക് വാഗാ അതിര്‍ത്തിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ലെങ്കിലും പുറത്ത് വന്‍ ജനസഞ്ചയമാണ് അഭിനന്ദന്‍ വര്‍ത്തമാനെ കാത്ത് എത്തിയിരുന്നത്. അഭിനന്ദനെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി വാഗാ അതിര്‍ത്തിയിലെ ഇന്നത്തെ പതാകയിറക്കല്‍ (ബീറ്റിങ് റിട്രീറ്റ്) ചടങ്ങ് ബിഎസ്എഫ് റദ്ദാക്കിയിരുന്നു.

ബുധനാഴ്ചയാണ് അഭിനന്ദനെ പാകിസ്താന്‍ പിടികൂടിയത്. അദ്ദേഹം പറപ്പിച്ചിരുന്ന മിഗ്21 ബൈസണ്‍ പോര്‍വിമാനം പാക് അധീന കശ്മീരില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്നായിരുന്നു ഇത്. ‘സമാധാനത്തിന്റെ സന്ദേശ’മെന്ന നിലയില്‍ അഭിനന്ദന്‍ വര്‍ത്തമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിക്കുകയായിരുന്നു.

വാഗയില്‍ എത്തിച്ച അഭിനന്ദന്‍ വര്‍ത്തമനെ അമൃതസറിലേക്കും അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കും കൊണ്ടു പോകും.

pathram:
Leave a Comment