ഹര്‍ത്താല്‍ നടത്തുമ്പോള്‍ ഏഴ് ദിവസം മുന്‍പ് പ്രഖ്യാപിക്കണം; മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന്‌ യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി കേസെടുത്തു

കൊച്ചി: മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നു യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നു കോടതി പറഞ്ഞു. ഹര്‍ത്താലോ മിന്നൽ പണിമുടക്കോ പ്രഖ്യാപിക്കുമ്പോൾ ഏഴ് ദിവസത്തെ മുൻകൂര്‍ നോട്ടീസെങ്കിലും വേണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിര്‍ദ്ദേശിച്ചിരുന്നത്. കാസര്‍കോട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഒറ്റരാത്രി കൊണ്ട് ഹര്‍ത്താൽ പ്രഖ്യാപിച്ചതിനെതിരെയാണ് ഇപ്പോൾ സ്വമേധയാ കേസെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്നു നടത്തുന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും അടിയന്തര നിര്‍ദേശം നല്‍കി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്നു നഷ്ടത്തിനു തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി കൈക്കൊള്ളും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക. ഇന്നു തുറക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കും. അക്രമത്തിനു മുതിരുന്നവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തും.

ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേണമെന്ന പലപ്പോഴായുളള ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി എടുക്കണമെന്ന് റേഞ്ച് ഐജിമാരോടും സോണല്‍ എഡിജിപിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

pathram:
Leave a Comment