‘വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്‍ 2016’ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: പ്രതിഫലംപറ്റിയുള്ള വാടകഗര്‍ഭധാരണം പൂര്‍ണമായി നിരോധിക്കുന്ന ‘വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്‍ 2016’ ലോക്‌സഭ പാസാക്കി. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് പരോപകാരാര്‍ഥമുള്ള പ്രവൃത്തിയെന്നാണ് ബില്ലില്‍ (സറോഗസി (റെഗുലേഷന്‍) ബില്‍2016) വിശേഷിപ്പിക്കുന്നത്. ഗര്‍ഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ വാങ്ങാന്‍ പാടില്ല.
നിയമത്തിന്റെ അഭാവത്തില്‍ കുറഞ്ഞ ചെലവില്‍ വാടകഗര്‍ഭപാത്രം ലഭിക്കുന്ന നാടെന്ന പ്രചാരണം ഇന്ത്യയെ ചൂഷണകേന്ദ്രമാക്കി മാറ്റിയിരുന്നുവെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സഭയില്‍ പറഞ്ഞു. ഇതിനായി വിദേശികള്‍ വന്‍തോതില്‍ ഇങ്ങോട്ടെത്തുന്നു. ഇതിന്റെ പേരില്‍ രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന അനീതികള്‍ അവസാനിപ്പിക്കാന്‍ ബില്ലിലെ വ്യവസ്ഥകള്‍ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത ബന്ധുക്കളില്‍നിന്ന് സ്വീകരിക്കാം

* നിയമപരമായി അഞ്ചോ അതിലധികമോ വര്‍ഷം വിവാഹിതരായി കഴിയുന്ന കുട്ടിയില്ലാത്ത ദമ്പതിമാര്‍ക്ക് അടുത്ത ബന്ധുവില്‍നിന്ന് വാടകഗര്‍ഭപാത്രം സ്വീകരിക്കാം. ഇങ്ങനെ ജനിക്കുന്ന കുട്ടിയെ നിയമപരമായ കുഞ്ഞായി പരിഗണിക്കും.

* വിവാഹിതരല്ലാത്ത പങ്കാളികള്‍ (ലിവ് ഇന്‍), പങ്കാളി മരിച്ചവര്‍, വിവാഹമോചിതര്‍, ഏകരക്ഷിതാക്കള്‍, സ്വവര്‍ഗ പങ്കാളികള്‍ എന്നിവര്‍ക്ക് വാടകയ്ക്ക് ഗര്‍ഭപാത്രം സ്വീകരിക്കാന്‍ അനുമതിയില്ല.

* ഗര്‍ഭപാത്രത്തിനായി അടുത്ത ബന്ധുവിനെ മാത്രമേ ആശ്രയിക്കാവൂ. അടുത്ത ബന്ധുക്കള്‍ ഇല്ലാത്തവര്‍ക്കും ബന്ധുക്കള്‍ തയ്യാറാകാത്തവര്‍ക്കും സ്വീകരിക്കാനാവില്ല. ബന്ധുക്കളെ ആശ്രയിക്കിക്കുന്നതുവഴി ഈ രംഗത്തുള്ള ചൂഷണം ഒഴിവാക്കാനാകും.

* ഗര്‍ഭപാത്രം വാടകയ്ക്കുനല്‍കുന്ന സ്ത്രീ വിവാഹിതയും അമ്മയുമായിരിക്കണം.

* ഒരാള്‍ക്ക് ഒരുതവണയേ ഗര്‍ഭപാത്രം നല്‍കാനാവൂ.

* പ്രവാസി ഇന്ത്യന്‍ വനിതകള്‍ക്കും വിദേശികള്‍ക്കും അനുമതിയില്ല. എന്നാല്‍ ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസി ദമ്പതിമാര്‍ക്ക് ഇന്ത്യയില്‍നിന്ന് വാടക ഗര്‍ഭപാത്രം സ്വീകരിക്കാം

* ദേശീയസംസ്ഥാന തലങ്ങളില്‍ വാടക ഗര്‍ഭപാത്ര ബോര്‍ഡ് രൂപവത്കരിക്കണം.

* നല്‍കുന്നയാള്‍ക്കും സ്വീകരിക്കുന്ന ദമ്പതിമാര്‍ക്കും യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

* ദുരുപയോഗംചെയ്താല്‍ കനത്തശിക്ഷ

ബില്‍ ഈ സമ്മേളനത്തില്‍തന്നെ രാജ്യസഭയുടെ പരിഗണനയ്ക്കുവരും. 2016ല്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലാണിത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ബില്ലിലെ വ്യവസ്ഥകള്‍ ഉദാരമാക്കാന്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശചെയ്തു. സാമ്പ്രദായിക കുടുംബസങ്കല്‍പ്പങ്ങളെ പിന്‍പറ്റിയുള്ള വ്യവസ്ഥകള്‍ നീക്കുക, വിവാഹിതരല്ലാത്ത പങ്കാളികള്‍ക്കും വിവാഹമോചിതര്‍ക്കും വാടക ഗര്‍ഭപാത്രം സ്വീകരിക്കാനുള്ള അനുമതി നല്‍കുക, ജീവന്‍പോലും അപകടത്തിലാക്കി വാടകഗര്‍ഭധരാണത്തിനു തയ്യാറാകുന്ന സ്ത്രീകള്‍ക്ക് ഉചിതമായ പ്രതിഫലം നല്‍കുക എന്നിവയായിരുന്നു പ്രധാന ശുപാര്‍ശകള്‍. ഇവയൊന്നും പരിഗണിക്കപ്പെട്ടില്ല.

pathram:
Related Post
Leave a Comment