ഡല്‍ഹി: പ്രളയം തകര്‍ത്ത കേരളത്തിനുള്ള ധനസഹായം 3048 കോടിയായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. നേരത്തെ അനുവദിച്ച അറുന്നൂറ് കോടി അടക്കമാണ് ഈ തുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയാണ് തീരുമാനമെടുത്തത്. ആഭ്യന്തരമന്ത്രിയെ കൂടാതെ ധനമന്ത്രി അരുണ്‍ ജെയ്റ്റലി, കൃഷിമന്ത്രി രാധാമോഹന്‍സിംഗ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
കേരളത്തിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തെ കൂടാതെ ഒഡീഷ, ആന്ധ്രാപ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രദുരിതാശ്വാസനിധിയില്‍ നിന്നുമാണ് സഹായം നല്‍കുക.
ആദ്യഘട്ടത്തില്‍ 800 കോടി, രണ്ടാം ഘട്ടത്തില്‍ 4900 കോടി, അങ്ങനെ ആകെ മൊത്തം 5700 കോടിയുടെ സഹായധനമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ആദ്യഘട്ട ദുരിതാശ്വസപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചില ബില്ലുകളും കണക്കുകളും കേരളം നല്‍കിയാല്‍ ഉന്നതതല മന്ത്രിസഭ അനുവദിച്ച തുക കേരളത്തിന് കൈമാറുമെന്ന് കേന്ദ്രമന്ത്രാലയം വ്യക്തമാക്കി
Leave a Comment