പാരിസ് ഭീകരാക്രമണം: ഫ്രഞ്ച് പോലീസ് കേരളത്തില്‍

കൊച്ചി: പാരിസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മലയാളിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പോലീസ് കേരളത്തില്‍. സിറിയയില്‍ ആയുധ പരിശീലനം ലഭിച്ചതായി സംശയിക്കുന്ന തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്യാനാണ് ഫ്രഞ്ച് പോലീസ് കേരളത്തിലെത്തിയിരിക്കുന്നത്. ഫ്രഞ്ച് പോലീസ് സംഘം ബുധനാഴ്ച വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുബ്ഹാനിയെ ചോദ്യം ചെയ്യും.
പാരിസ് ഭീകരാക്രമണത്തില്‍ പിടിയിലായ സലാഹ് അബ്ദുസലാമിനൊപ്പം സുബ്ഹാനി ആയുധ പരിശീലനം നടത്തിയെന്നാണ് എന്‍.ഐ.എ. കണ്ടെത്തിയിരുന്നത്. 130 പേര്‍ കൊല്ലപ്പെട്ട 2015-ലെ പാരിസ് ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടാണ് എന്‍.ഐ.എ.യുടെ സഹകരണത്തോടെ ചോദ്യം ചെയ്യല്‍ നടക്കുന്നത്. വിദേശ രാജ്യത്തെ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യന്‍ അന്വേഷണ ഏജന്‍സി ഇന്ത്യയിലെ ജയില്‍പുള്ളിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്.പാരിസ് ഭീകരാക്രമണക്കേസില്‍ അന്വേഷണം നടത്താനായി മൂന്നു ദിവസമാണ് ഫ്രഞ്ച് പോലീസ് ഇന്ത്യയില്‍ തങ്ങുന്നത്. ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരും ഇവരെ അനുഗമിക്കുമെന്നാണ് അറിയുന്നത്. സുബ്ഹാനിയെ ചോദ്യം ചെയ്യുന്നത് വെള്ളിയാഴ്ച വരെ തുടരുമെന്നും സൂചനയുണ്ട്.
കേരളത്തിലെ വിവിധ ജില്ലകളില്‍ ഭീകരാക്രമണത്തിനു പദ്ധതിയിടാന്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യ യോഗം ചേര്‍ന്ന കേസില്‍ അറസ്റ്റിലായ സുബ്ഹാനി ഇപ്പോള്‍ വിചാരണ തടവുകാരനാണ്. പാരിസ് അക്രമണക്കേസില്‍ അബ്ദുല്‍സലാമിനു പുറമെ അബ്ദുല്‍ ഹമീദ്, മുഹമ്മദ് ഉസ്മാന്‍ എന്നിവര്‍ക്കൊപ്പവും സുബ്ഹാനിക്ക് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ. പറയുന്നത്.
സിറിയയിലെ പോര്‍മുഖത്ത് സഹപോരാളി കണ്‍മുന്നില്‍ ജീവനോടെ കത്തുന്നതു കണ്ടു ഭയന്നാണ് സുബ്ഹാനി ഇന്ത്യയിലേക്കു മടങ്ങാന്‍ പദ്ധതിയിട്ടത്. ഇതറിഞ്ഞ ഭീകരസംഘടന സുബ്ഹാനിയെ സിറിയയില്‍ തടവിലാക്കി. എന്നാല്‍ ഇന്ത്യയിലെത്തിയാലും ഭീകരപ്രവര്‍ത്തനം തുടരണമെന്ന ഉപാധിയോടെ ഒടുവില്‍ സുബ്ഹാനിയെ അവര്‍ മോചിപ്പിക്കുകയായിരുന്നുവെന്നും എന്‍.ഐ.എ. പറയുന്നു

pathram:
Related Post
Leave a Comment