ശബരിമല സമരം ശക്തമാക്കാന്‍ അമിത് ഷാ കേരളത്തിലേക്ക്

കോഴിക്കോട്: ശബരിമലയില്‍ സമരം ശക്തമാക്കുന്നതിന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലേക്ക്. ഇതിന് മുന്നോടിയായി സരോജ് പാണ്ഡെ അടക്കമുള്ള ദേശീയ നേതാക്കളുടെ സംഘം ഇന്ന് എത്തും. നിരോധനാജ്ഞ പിന്‍വലിക്കുന്നതുവരെ നിലയ്ക്കലില്‍ സമരം ശക്തമാക്കാനും കോഴിക്കോട് ചേര്‍ന്ന ബിജെപി നേതൃയോഗം തീരുമാനിച്ചു.
ശബരിമലയിലെ ബിജെപി നയിച്ച സമരവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍ രൂപപ്പെട്ട പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തുന്നതെന്നാണ് സൂചന. ഡിസംബര്‍ 15ന് മുമ്പായി അമിത് ഷാ അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തുമെന്നാണ് വിവരം.
സമരത്തില്‍നിന്ന് ബിജെപി പിന്നോട്ടു പോകുന്നതായി പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സമരം ശക്തമാക്കാനും സെക്രട്ടറിയേറ്റിനു മുന്നില്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പിനിടയാക്കുകയും ചെയ്തു.
നിലയ്ക്കല്‍ കേന്ദ്രീകരിച്ചുള്ള സമരത്തിന്റെ വേദി സെക്രട്ടറിയേറ്റിലേക്കു മാറ്റുന്നത് സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന നേതാക്കള്‍ അടക്കമുള്ള നേതാക്കള്‍ നിലയ്ക്കലിലെത്തി നിരോധനാജ്ഞ ലംഘിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ സമരം ശക്തമാക്കാനും എല്ലാ മന്ത്രിമാരെയും തെരുവില്‍ തടയാനും കരിങ്കൊടി പ്രതിഷേധം അടക്കമുള്ള പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ, കെ. സുരേന്ദ്രനെതിരെ കേസുകള്‍ ചുമത്തിയതിന് എതിരായി സമരം ശക്തിപ്പെടുത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ശശികലയെ അറസ്റ്റ് ചെയ്തപ്പോള്‍ ഉണ്ടായതുപോലെ ശക്തമായ പ്രതിഷേധം സുരേന്ദ്രന്റെ കാര്യത്തില്‍ ഉണ്ടായില്ല എന്ന ആരോപണവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് അടുത്ത ആഴ്ച മറ്റൊരു ഹര്‍ത്താലിലേക്ക് പോകുന്ന വിധത്തില്‍ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment