കേരളത്തിന്റെ സമഗ്ര പുനര്‍ നിര്‍മ്മാണത്തിന് 31000 കോടി വേണം, കിട്ടിയത് 2683 കോടി, 25 കോടി വ്യോമസേനയ്ക്ക് നല്‍കണം; റേഷന് 290.74 കോടി കേന്ദ്രത്തിനും നല്‍കണം

തിരുവനന്തപുരം: കേരളത്തിന്റെ സമഗ്ര പുനര്‍ നിര്‍മ്മാണമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി 31000 കോടി രൂപ വേണം. 2683 കോടി 18 ലക്ഷം ആണ് ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയത്. ഇതില്‍ 688.48 കോടി ചെലവായതായും മുഖ്യമന്ത്രി അറിയിച്ചു. വീടുകളുടെ പുനര്‍നിര്‍മാണത്തിന് 1357.78 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ 987.73 കോടിയാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 586.4 കോടി ഇതുവരെ ചെലവായി. നിലവില്‍ 706.74 കോടി രൂപകൂടി നമുക്ക് ലഭിച്ചാല്‍ മാത്രമേ നാളിതുവരെയുള്ള ബാധ്യത തീര്‍ക്കാന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ പുനര്‍നിര്‍മാണത്തിനു ഫണ്ട് കണ്ടെത്താനാകാതെ സംസ്ഥാനം പ്രതിസന്ധി നേരിടുമ്പോഴാണു പ്രളയകാലത്ത് കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യത്തിനും രക്ഷാ പ്രവര്‍ത്തനത്തിന് വിമാനങ്ങള്‍ ഉപയോഗിച്ചതിനും 290.74 കോടി രൂപ നല്‍കണമെന്നുള്ളതാണ് ഇപ്പോഴുള്ള സ്ഥിതി. ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നുള്ള തുക മുഴുവന്‍ ചെലവഴിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ 706.74 കോടി രൂപ കൂടി ലഭ്യമായാലേ നാളിതുവരെയുള്ള ബാധ്യത തീര്‍ക്കാനാകൂ.
വ്യോമസേനയ്ക്കു നല്‍കേണ്ടത് 25 കോടി രൂപയാണെന്നും ഇതിന്റെ ബില്‍ വ്യോമസേന സര്‍ക്കാരിനു കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു. ദേശീയ ദുരന്തനിവാരണ നിയമപ്രകാരം രൂപീകരിച്ച സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ 987.73 കോടി രൂപയാണു ലഭ്യമായിട്ടുള്ളത്. ഇതില്‍ 586.04 കോടി രൂപ നാളിതുവരെ ചിലവായിട്ടുണ്ട്.
പുനര്‍നിര്‍മ്മാണത്തിന് ചുവപ്പുനാട ഒഴിവാക്കുമെന്നും സുതാര്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സൗഹൃദ പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യം. തീരദേശങ്ങള്‍ സന്ദര്‍ശിച്ച് പുനര്‍നിര്‍മ്മാണം നടപ്പാക്കും. പ്രളയസാധ്യതയും മണ്ണിടിച്ചിലും മുന്നില്‍ക്കണ്ട് പദ്ധതികള്‍. ആദിവാസി തീരദേശങ്ങളില്‍ പുനരധിവാസം ലക്ഷ്യം. കൊച്ചി, തിരുവനന്തപുരം,കോഴിക്കോട് നഗരങ്ങളില്‍ വികസന പദ്ധതികള്‍ നടപ്പാക്കും. 14 ജില്ലകളില്‍ മാതൃകാപദ്ധതികള്‍ നടപ്പാക്കും. ആശയ രൂപീകരണത്തിന് മാധ്യമങ്ങളുമായി ചേര്‍ന്ന് വികസന സെമിനാര്‍. ദുരന്തസാധ്യതയുള്ള പ്രദേശങ്ങള്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് പദ്ധതി. പുനര്‍നിര്‍മ്മാണത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് ഉറപ്പുവരുത്തും. തുടങ്ങിയ തീരുമാനങ്ങളും മുഖ്യമന്ത്രി അറിയിച്ചു.

pathram:
Related Post
Leave a Comment