കെ.എം.ഷാജി കേരള നിയമസഭാംഗമല്ലാതെയായി;നാളെ തുടങ്ങുന്ന നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്നു സ്പീക്കര്‍

തിരുവനന്തപുരം: അഴീക്കോട് എംഎല്‍എ കെ.എം.ഷാജി കേരള നിയമസഭാംഗമല്ലാതായന്ന് നിയമസഭാ സെക്രട്ടറി. ഷാജിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവായി പ്രഖ്യാപിച്ച നടപടി ഈ മാസം 23 വരെയാണ് സ്റ്റേ ചെയ്തിരുന്നത്. ഹൈക്കോടതിയോ സുപ്രീംകോടതിയോ സ്റ്റേയുടെ സമയപരിധി നീട്ടാത്തതിനാല്‍ ഷാജി നിയമസഭാംഗമല്ലാതായെന്നു നിയമസഭാ സെക്രട്ടറി പുറത്തിറക്കിയ ബുള്ളറ്റിനില്‍ ചൂണ്ടിക്കാട്ടുന്നു. ഷാജിക്ക് നാളെ തുടങ്ങുന്ന നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിലവിലെ വിധിക്കു മേല്‍ മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ അയോഗ്യത തുടരുമെന്നും സ്പീക്കര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥി എം.വി.നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ഹൈക്കോടതിയുടെ നടപടിക്കെതിരെ ഷാജി സുപ്രീംകോടതിയെ സമീപിച്ചു. ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശം മതിയാകില്ലെന്നും രേഖാമൂലമുള്ള അറിയിപ്പു ലഭിച്ചാല്‍ മാത്രമേ നിയമസഭയില്‍ പ്രവേശിക്കാന്‍ കഴിയൂ എന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമസഭാ സെക്രട്ടറിയുടെ ബുള്ളറ്റിന്‍ പുറത്തിറങ്ങിയത്. പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം നാളെ രാവിലെ 9 മണിക്കാണ് ആരംഭിക്കുന്നത്.

ബുള്ളറ്റിന്റെ പൂര്‍ണരൂപം

കേരള ഹൈക്കോടതി 11-2016ാം നമ്പര്‍ തിരഞ്ഞെടുപ്പ് ഹര്‍ജിയിന്‍മേല്‍ 2018 നവംബര്‍ 9 ന് പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് പതിനാലാം കേരള നിയമസഭയിലേക്കുള്ള ഷാജിയുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു. എന്നാല്‍ ഈ ഉത്തരവിന്റെ പ്രാബല്യം ഈ മാസം 23 വരെ ഹൈക്കോടതിതന്നെ സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയോ സുപ്രീംകോടതിയോ സ്റ്റേയുടെ സമയപരിധി നീട്ടികൊടുത്തില്ല. ഈ സാഹചര്യത്തില്‍ ഈ മാസം 24 മുതല്‍ കെ.എം.ഷാജി കേരള നിയമസഭാംഗം അല്ലാതായിരിക്കുകയാണ്.

pathram:
Leave a Comment