കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തു. തൃപ്തി ദേശായി അനുനയിപ്പിച്ച് മടക്കി അയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ഉന്നത ഉദ്യോഗസ്ഥര്‍ ഇവരുമായി ചര്‍ച്ച നടത്തുകയാണ്. കേരളത്തിലെ കനത്ത പ്രതിഷേധം കണക്കിലെടുത്ത് മടങ്ങണമെന്നായിരിക്കും സര്‍ക്കാര്‍ ഇവരോട് ആവശ്യപ്പെടുക.
ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് തൃപ്തി ദേശായിയും അഞ്ച് സ്ത്രീകളും നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയത്. എന്നാല്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് അവര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല.
വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്നും കോട്ടയത്തേക്ക് പോകാന്‍ വാഹനം ലഭിച്ചില്ല. വിമാനത്താവളത്തിലെ ടാക്‌സികളൊന്നും ഓട്ടം പോകാന്‍ തയ്യാറായില്ല. പ്രതിഷേധത്തെ ഭയന്നാണ് ടാക്‌സി ഡ്രൈവര്‍മാര്‍ യാത്രയ്ക്ക് തയ്യാറാകാത്തത്.
പുലര്‍ച്ചെ 4.30ഓടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയും സംഘവും പൂണെയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. എന്ത് വന്നാലും ശബരിലയില്‍ കയറിയിട്ടെ മടങ്ങുകയുള്ളുവെന്ന നിലപാടിലാണ് തൃപ്തി ദേശായി. പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും തൃപ്തി ദേശായ് അറിയിച്ചിട്ടുണ്ട്. നിലയ്ക്കലിലെത്തിയാല്‍ സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന് പോലീസ് തൃപ്തിയെ അറിയിച്ചിട്ടുണ്ട്.
അവരെ ഹോട്ടലിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അതനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. തൃപ്തി ദേശായി ഉടന്‍ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. വിമാനത്താവള പരിസരത്ത് കനത്ത സുരക്ഷയും പോലീസ് ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ കുറച്ച് പ്രതിഷേധക്കാര്‍ മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും നേരം പുലര്‍ന്നതോടെ നൂറു കണക്കിന് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വിമാനത്താവള പരിസരത്ത് എത്തിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ കാര്‍ഗോ ടെര്‍മിനല്‍ വഴി പുറത്തെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ഉടന്‍ തന്നെ പ്രതിഷേധക്കാര്‍ സംഘടിച്ചെത്തി കാര്‍ഗോ ടെര്‍മിനലും ഉപരോധിക്കുകയായിരുന്നു.
ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും കത്തയച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മഹാരാഷ്ട്ര അഹമ്മദ്നഗര്‍ ശനി ശിംഘനാപുര്‍ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദര്‍ഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ദേശായ് ശ്രദ്ധനേടിയത്. കൊച്ചിയിലെത്തി തിരിച്ച് മഹാരാഷ്ട്രയിലെത്തുന്നവരെയുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
Leave a Comment