അഴീക്കോട് എം എല്‍ എ കെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി

അഴീക്കോട് എം എല്‍ എ കെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: അഴീക്കോട് എം എല്‍ എ കെ എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ആറുവര്‍ഷത്തേക്കാണ് അയോഗ്യത.2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. ഷാജി തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. ജസ്റ്റിസ് പി ഡി രാജന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. തിരഞ്ഞെടുപ്പു ക്രമക്കേട് ആരോപണം അംഗീകരിച്ച കോടതി, ഷാജിക്ക് എംഎല്‍എ സ്ഥാനത്തു തുടരാന്‍ യോഗ്യതയില്ലെന്നു വിലയിരുത്തി. നികേഷ് കുമാറിന് അമ്പതിനായിരം രൂപ കോടതി ചെലവ് നല്‍കണമെന്നും കോടതി വിധിച്ചു. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന ഷാജി, മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും വോട്ട് നേടാന്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന നികേഷ് കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ഷാജിയെ അയോഗ്യനാക്കണമെന്നും തന്നെ വിജയിയാക്കി പ്രഖ്യാപിക്കണമെന്നുമായിരുന്നു നികേഷ് കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളി. പകരം തിരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടു. സ്റ്റേയ്ക്ക് അപേക്ഷ നല്‍കുമെന്ന് കെ.എം.ഷാജി പ്രതികരിച്ചു. അയോഗ്യത വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും. ഒരു വിധി കൊണ്ട് തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ല. നികേഷ്‌കുമാര്‍ വളരെ മോശമായി വളച്ചൊടിച്ച കേസാണിതെന്നും ഷാജി പറഞ്ഞു

pathram:
Leave a Comment