മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; പഠനം നടത്താന്‍ കേന്ദത്തിന്റെ അനുമതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് സാധ്യതാ പഠനം നടത്താന്‍ കേന്ദത്തിന്റെ അനുമതി. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഉപാധികളോടെയാണ് സമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കേരളവും തമിഴ്‌നാടും സമവായമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിര്‍മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. തമിഴ്‌നാടിന്റെ സമ്മതത്തോടെ മാത്രമേ ഡാം നിര്‍മാണത്തിന് അനുമതി നല്‍കൂ എന്നും പരിസ്ഥിതിമന്ത്രാലയം വ്യക്തമാക്കി.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്നുള്ളത് കേരളത്തിന്റെ ഏറെ നാളായുള്ള ആവശ്യമാണ്. 53.22 മീറ്റര്‍ ഉയരത്തില്‍ അണക്കെട്ട് പണിയാനുള്ള സാധ്യതയാണ് കേരളം പരിശോധിക്കുക. ഇത് രണ്ടാം തവണയാണ് സാധ്യത പഠനത്തിന് കേന്ദ്രം അനുമതി നല്‍കുന്നത്.
സാധ്യത പഠനത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത കത്ത് നല്‍കയതോടെ കേന്ദ്രസര്‍ക്കാര്‍ ആദ്യം നല്‍കിയ അനുമതി റദ്ദാക്കിയിരുന്നു. തുടര്‍ന്നു ഇതേ ആവശ്യം ഉന്നയിച്ചു കേരളം വീണ്ടും കേന്ദ്രത്തെ സമീപിച്ചതോടെയാണ് പുതിയ അനുമതി നല്‍കിയത്.

വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതിയുടെ അംഗീകാരം ലഭിച്ചതോടെ കേരളത്തിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിര്‍മ്മാണത്തിനുള്ള അനുമതി കേന്ദ്രം നല്‍കുക. 50 ഹെക്ടര്‍ വനഭൂമിയാണ് അണക്കെട്ട് നിര്‍മാണത്തിന് ആവശ്യമായി വരുന്നത്. നിര്‍മാണ ഘട്ടത്തിലേക്ക് പോയാല്‍ തമിഴ്‌നാടിന്റെ അനുമതി കൂടി തേടേണ്ടി വരും.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment