നടന്‍ കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച കലക്ഷന്‍ റിപ്പോര്‍ട്ട് നേടിയ ചിത്രം തീയറ്ററില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കു സംഭവിച്ചത് എന്താണെന്ന് സിബിഐ ആയാലും പൊലീസായാലും തുറന്നു പറയണമെന്നു സംവിധായകന്‍ വിനയന്‍ പറഞ്ഞു. ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ചിത്രീകരിച്ച ക്ലൈമാക്‌സ് തന്റെ യുക്തിക്കനുസരിച്ച് ഒരുക്കിയതാണ്. ഇതു കണ്ട് സിബിഐ തന്നെ വിളിച്ചു ചോദിക്കുകയും ചെയ്തതു വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മണിക്കു യഥാര്‍ഥത്തില്‍ സംഭവിച്ച കാര്യം അറിയാന്‍ മണിയുടെ ആരാധകര്‍ക്ക് അവകാശമുണ്ട്. സിബിഐ കേസ് അവസാനിപ്പിക്കാത്തതില്‍ വിഷമമാണെന്നും വിനയന്‍ പറഞ്ഞു. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് വിനയന്‍ ഇങ്ങനെ പറഞ്ഞത്.
ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ ലഭിച്ച അതേ രീതിയിലുള്ള പ്രതികരണമാണു ലഭിക്കുന്നത്. ഓരോ ദിവസവും കലക്ഷന്‍ കൂടി വരുന്നതായാണ് തീയേറ്ററുകളില്‍ നിന്നുള്ള പ്രതികരണം. മണിയുടെ സഹോദരനും ബന്ധുക്കളും ഇതുവരെ ചിത്രം കണ്ടിട്ടില്ല. അവര്‍ക്ക് അതിന് സാധിക്കില്ലെന്നാണു പറഞ്ഞത്. സിനിമയില്‍ പാടുന്നതിനു വേണ്ടി എത്തിയ സഹോദരന്‍ വിഷമം സഹിക്കാനാവാതെ തലകറങ്ങി വീണ സംഭവമുണ്ടായെന്നും വിനയന്‍ വെളിപ്പെടുത്തി. ചാലക്കുടിക്കാരന്‍ ചങ്ങാതി തമിഴ്, കന്നഡ ഭാഷകളില്‍ റീമേക്ക് ചെയ്യുമെന്നും വിനയന്‍ പറഞ്ഞു.
മണിയെ അടുത്തറിയുന്നതുകൊണ്ടു തന്നെ സിനിമയിലെ ഓരോ രംഗങ്ങളും വളരെ വിഷമത്തോടെയാണ് അഭിനയിച്ചു തീര്‍ത്തതെന്നു നടന്‍ സലീം കുമാര്‍ പറഞ്ഞു. ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ മണിയുടെ പിതാവായാണ് സലിം കുമാര്‍ അഭിനയിച്ചിട്ടുള്ളത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നതു വരെ ശാരീരികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു. ഓരോ രംഗം എടുക്കുമ്പോഴും എന്തോ കുഴപ്പമുള്ളതു പോലെ തോന്നും. കോരിച്ചൊരിയുന്ന മഴയില്‍ നിന്നു രക്ഷപെടാന്‍ കുഞ്ഞുങ്ങളുമായി മേശയ്ക്കടിയില്‍ കയറിയിരിക്കുന്ന ഒരു രംഗമുണ്ട്. ഇതു ശരിക്കും മണിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളതാണെന്ന് അറിയുന്ന ആളാണു ഞാന്‍. അതുകൊണ്ടു തന്നെ വല്ലാത്ത വിഷമത്തോടെയാണ് അതൊക്കെ അഭിനയിച്ചത്. ഇതുവരെ ഒരു സിനിമയിലും തനിക്ക് ഇത്തരത്തില്‍ ശാരീരികവും മാനസികവുമായ പ്രയാസം ഉണ്ടായിട്ടില്ലെന്നും സലിം കുമാര്‍ പറഞ്ഞു.
Leave a Comment