ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം അവസാനിക്കുന്നില്ല. 8 മണിക്കൂര്‍ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്.

മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷം മാത്രമേ അറസ്റ്റിലേക്ക് കടക്കാനാകൂ എന്ന നിലപാടിലാണ് അന്വേഷണസംഘം. ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.ബലാല്‍സംഗ കുറ്റം നിഷേധിച്ച ബിഷപ്പ് മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നിന്നുവെന്നാണ് അന്വഷണ സംഘം നല്‍കുന്ന സൂചന.

എന്നാല്‍ പൊലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.ഇക്കാര്യങ്ങളില്‍ ചോദ്യം ചെയ്യലില്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.ഇന്നലെ രാത്രി ഐജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മൊഴികള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.ഇതോടൊപ്പം തെളിവുകളും വിശകലനം ചെയ്ത് ഉച്ചയോടെ അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസ്സമില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമ ഉപദേശവും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ ശക്തമായ തെളിവുകളോടെ വേണം അറസ്റ്റ് എന്ന നിര്‍ദ്ദേശം പോലീസ് തലപ്പത്തു നിന്നും ലഭിച്ചതിനാല്‍ നിലവിലുള്ള തെളിവുകളുടെ വിശദാംശങ്ങള് നിയമ വിദഗ്ധരുമായും ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അന്വേഷണ സംഘം അന്തിമ നടപടിയിലേക്ക് കടക്കു.

pathram desk 1:
Related Post
Leave a Comment