ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്ക് തിരിച്ചടി; അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. മാണി കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണു കേസ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.

2014 ഡിസംബര്‍ പത്തിനാണു മാണിയെ പ്രതിയാക്കി ബാര്‍ കോഴക്കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ബാറുടമ ബിജു രമേശ് നടത്തിയ ആരോപണത്തെ തുടര്‍ന്നായിരുന്നു കേസ്. യുഡിഎഫ് കാലത്തുള്‍പ്പെടെ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോപണം വലിയ രാഷ്ട്രീയ വിവാദമായി മാറ്റിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടിലടക്കം മൂന്നിലും തെളിവില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്.

മാണിയുടെ വസതിയില്‍ ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ശേഖരിച്ച പണവുമായി എത്തിയിരുന്നെന്നും എന്നാല്‍ പണം മാണിക്കു കൈമാറിയതായി ഒരു സാക്ഷിപോലും പറഞ്ഞിട്ടില്ലെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും പുനരന്വേഷണത്തിനു ഉത്തരവിടണമെന്നുമായിരുന്നു വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ള ഹര്‍ജിക്കാരുടെ ആവശ്യം.

തുടരന്വേഷണത്തിനുത്തരവിട്ടാല്‍ അതിനു നിയമഭേദഗതി തടസമാകില്ലേയെന്ന കോടതിയുടെ ചോദ്യത്തിനു തടസമാകില്ലെന്നു വിജിലന്‍സ് നിയമോപദേശകന്‍ മറുപടി നല്‍കിയിരുന്നു. അന്വേഷണത്തിനു സര്‍ക്കാരിന്റെ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ 17 (എ)യില്‍ അടുത്തകാലത്തു വന്ന ഭേദഗതിയാണ് തുടരന്വേഷണത്തിനു പ്രധാന തടസമായിരുന്നത്.

pathram desk 1:
Leave a Comment