ആരും നിയമത്തിന് അതീതരല്ല; നടപടികള്‍ ഇത്രത്തോളം വൈകരുതായിരുന്നു, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സിഎസ്ഐ സഭ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസ് നടപടികള്‍ വൈകരുതായിരുന്നെന്ന് സിഎസ്ഐ സഭ.പ്രാഥമിക അന്വേഷണത്തിന് ശേഷം നടപടിയെടുക്കാമായിരുന്നെന്ന് സിഎസ്ഐ മധ്യകേരള മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ.ഉമ്മന്‍ വ്യക്തമാക്കി. അറസ്റ്റ് ആവശ്യമെങ്കില്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുക തന്നെ വേണമെന്നും ബിഷപ്പ് വ്യക്തമാക്കി.

ആരും നിയമത്തിന് അതീതരല്ല. എന്നാല്‍ ഇത്രത്തോളം നടപടികള്‍ വൈകരുതായിരുന്നെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് തോമസ് കെ ഉമ്മന്‍ സൂചിപ്പിച്ചു. നിയമപാലകരാണ് ഈ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. നിയമ നടപടികള്‍ വൈകിയത് സംഭവങ്ങളെ വഷളാക്കിയെന്നും സിഎസ്ഐ മോഡറേറ്റര്‍ വ്യക്തമാക്കി.

അതിനിടെ, ബിഷപ്പ് ഫ്രാങ്കോയെ കേരത്തിലേക്ക് എത്തിക്കുന്നതായി സൂചന. ജലന്ധര്‍ രൂപതയുടെ ചുമതല ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മറ്റൊരു വൈദികന് കൈമാറി. ഫാദര്‍ മാത്യു കൊക്കണ്ടത്തിനാണ് താത്കാലിക ചുമതല നല്‍കിയത്. സെപ്റ്റംബര്‍ 13ന് ആണ് ബിഷപ്പ് ഈ സര്‍ക്കുലര്‍ പുറത്തിറക്കിയത്.’എന്റെ അസാന്നിധ്യത്തില്‍ ഫാ. മാത്യു കൊക്കണ്ടം രൂപതയുടെ ചുമതല വഹിക്കും. ഞാന്‍ രൂപതയില്‍ ഇല്ലാത്തപ്പോള്‍ നടക്കുന്ന സ്വാഭാവികമായ രീതിയാണിത്’ സര്‍ക്കുലര്‍ പറയുന്നു.

എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും പിന്തുണയ്ക്കും സര്‍ക്കുലറില്‍ ബിഷപ്പ് ഫ്രാങ്കോ നന്ദി പറയുന്നുണ്ട്.’എനിക്കുവേണ്ടി തുടര്‍ന്നും പ്രാര്‍ഥിക്കുക. എനിക്ക് എതിരെ ആരോപണം ഉന്നയിച്ച ഇരയ്ക്കുവേണ്ടിയും പ്രാര്‍ഥിക്കണം. ഈ സന്ദര്‍ഭത്തില്‍ നിന്നുള്ള മാറ്റത്തിനും സത്യം വെളിപ്പെടുന്നതിനും ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു’ സര്‍ക്കുലര്‍ പറയുന്നു.സര്‍ക്കുലറില്‍ രണ്ട് വൈദികര്‍ക്ക് ഫ്രാങ്കോ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. ഓരോ മാസവും വൈദികര്‍ക്കുള്ള ഉള്ള അലവന്‍സിലും യാത്രബത്തയിലും മാറ്റം വരുത്താന്‍ ബിഷപ്പ് അനുവാദം നല്‍കിയിട്ടുമുണ്ട്.

സെപ്റ്റംബര്‍ 19ന് കേരളത്തിലേക്ക് ബിഷപ്പ് ഫ്രാങ്കോയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെയും കൂടെ പശ്ചാത്തലത്തിലാണ് പെട്ടന്നുള്ള ചുമതല കൈമാറ്റമെന്നാണ് വിലയിരുത്തല്‍.

മിഷനറീസ് ഓഫ് ജീസസ് സന്യാസി സമൂഹത്തിലെ മദര്‍ ജനറല്‍ ആണ് പരാതിക്കാരി. വിവിധ അവസരങ്ങളില്‍ 13 തവണ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പരാതി. കുറവിലങ്ങാട് മഠത്തില്‍വച്ചും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് കന്യാസ്ത്രീയുടെ മൊഴി.ബിഷപ്പ് ഫ്രാങ്കോക്കെതിരെ വത്തിക്കാന്‍ നേരിട്ട് അന്വേഷണം നടത്തിയെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

pathram desk 2:
Leave a Comment