തിരുവനന്തപുരം: മുഖ്യമന്ത്രി ചികിത്സയ്ക്കു പോയ ശേഷം സംസ്ഥാനത്ത് മന്ത്രിസഭാ യോഗം ചേര്‍ന്നിട്ടില്ലെന്നും ഭരണ സ്തംഭനമാണ് ഇതിന്റെ ഫലമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യന്ത്രിയുടെ ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലാത്തതിനാല്‍ ഭരണഘടനാ പ്രതിസന്ധിയാണ് സംസ്ഥാനത്തുണ്ടായതെന്ന് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി പോയതോടെ സംസ്ഥാനത്ത് അനാഥാവസ്ഥയാണ്. മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതിന് ഇപി ജയരാജനെ ചുമതലപ്പെടുത്തിയതില്‍ പാര്‍ട്ടിക്ക് അനിഷ്ടമുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. സീനിയര്‍ മന്ത്രിമാര്‍ക്കും ഇതില്‍ അതൃപ്തിയുണ്ട്. മറ്റു മന്ത്രിമാര്‍ അറിയാതെയാണ് ഇപി ജയരാജന് ചുമതല നല്‍കിയത്.
മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്നു തീരുമാനമെടുക്കുന്നതുകൊണ്ട് കാര്യങ്ങള്‍ നടക്കില്ല. റൂള്‍സ് ഒഫ് ബിസിനസ് അനുസരിച്ച് മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ക്കു മാത്രമേ നിയമപരമായി പ്രാബല്യമുള്ളൂ. ഇപി ജയരാജന് മിനിറ്റ്സില്‍ ഒപ്പിടാനുള്ള അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു. തമിഴ്നാട്ടില്‍ ജയലളിത ആശുപത്രിയില്‍ ആയപ്പോള്‍ ഉണ്ടായ അതേ അവസ്ഥയാണ് സംസ്ഥാനത്തെന്ന് ചെന്നിത്തല പറഞ്ഞു.
പ്രളയക്കെടുതിയില്‍ അടിയന്തര ദുരിതാശ്വാസമായി പ്രഖ്യാപിച്ച പതിനായിരം രൂപ പോലും വിതരണം ചെയ്യാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. പതിനായിരം രൂപയ്ക്കു ജാതകം പോലും ചോദിക്കുന്ന സ്ഥിതിയാണ്. ഉദ്യോഗസ്ഥര്‍ തമ്മില്‍ തമ്മിലും മന്ത്രിമാര്‍ തമ്മിലും പോരു നടക്കുന്നു. കൊട്ടിഘോഷിച്ചു തുടങ്ങിയ, സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലാണ്. പത്തു ദിവസമായി സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
Leave a Comment