കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അച്ചടക്കനടപടി കീഴുദ്യോഗസ്ഥര്‍ക്കെതിരെ മാത്രം. ജയില്‍ സൂപ്രണ്ട്, ആത്മഹത്യ ചെയ്ത ദിവസം ജയിലിന്റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് സൂപ്രണ്ട്, ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് ഡിഐജിയുടെ അന്വേഷണറിപ്പോര്‍ട്ട്.
അതേസമയം, മൂന്ന് അസിസന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ക്കെതിരെ മാത്രം നടപടിയെടുത്താല്‍ മതിയെന്നാണ് ജയില്‍ ആസ്ഥാനത്ത് നിന്നുള്ള നിര്‍ദേശം. സസ്‌പെന്‍ഷന്‍ നടപടിയ്ക്കുള്ള ഉത്തരവ് ഇന്നോ തിങ്കളാഴ്ചയോ ഇറങ്ങിയേക്കും.കീഴുദ്യോഗസ്ഥര്‍ക്കെതിരെ മാത്രം നടപടിയെടുത്ത് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് തുടക്കം മുതല്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു. കൂടാതെ ഒരു മേലുദ്യോഗസ്ഥയെ രക്ഷപെടുത്താനായി സംഘടനാ നേതാവ് ഇടപെട്ടു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
തിരുവോണത്തിന് തലേന്നായിരുന്നു ദുരൂഹത നിറഞ്ഞ കൂട്ടക്കൊലക്കേസിലെ ഏകപ്രതിയായ സൗമ്യയുടെ ആത്മഹത്യ. സംഭവം കഴിഞ്ഞ് അഞ്ചാം ദിവസമാണ് അന്വേഷണത്തിനായി ഡിഐജി ജയിലിലെത്തിയത്. അടുത്ത ദിവസം റിപ്പോര്‍ട്ട് കൊടുത്തെങ്കിലും നടപടിയെടുക്കാന്‍ വീണ്ടും കാലതാമസമുണ്ടായി. ജയിലിലെ ഉദ്യോഗസ്ഥരുടെയും ജയില്‍പുള്ളികളുടെയും മൊഴികള്‍ അടങ്ങിയ വലിയ റിപ്പോര്‍ട്ടാണ് ഡിഐജി സമര്‍പ്പിച്ചിരിക്കുന്നതെന്നും കുറഞ്ഞ സമയം കൊണ്ട് നടപടിയെടുക്കാന്‍ കഴിയില്ലെന്നും ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ പറഞ്ഞിരുന്നു.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുകയും പ്രതി ആത്മഹത്യ ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.
Leave a Comment