മലയാളികളെ മൊത്തം ദുരിതത്തിലാഴ്ത്തിയ പ്രളയ നാളുകളാണ് കടന്ന് പോയത്. അതുകൊണ്ട് തന്നെ ഇത്തവണ മലയാളികളുടെ ഓണാഘോഷങ്ങളെല്ലാം അത്ര വര്‍ണ്ണാഭമായിരുന്നില്ല. പലരും ഓണം ആഘോഷിച്ചത് ദുരിതാശ്വാസ ക്യാംപുകളിലിരുന്നാണ്. ഇത് മലയാള സിനിമാ മേഖലയേയും ബാധിച്ചു. ഇത്തവണ ഓണം റിലീസിനായി മാറ്റിവെച്ച ചിത്രങ്ങളൊന്നും തന്നെ പുറത്തിറങ്ങിയില്ല.
പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മിക്ക ചിത്രങ്ങളുടെയും റിലീസ് തീയതി മാറ്റിവെച്ചിരുന്നു. ഇപ്പോള്‍ കായംകുളം കൊച്ചുണ്ണി, ഒടിയന്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ലൂസിഫര്‍ എന്നീ ചിത്രങ്ങളുടെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മൂവി പ്ലാനറ്റിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്.
ഒക്ടോബര്‍ മുതല്‍ അങ്ങോട്ടുള്ള മാസങ്ങളിലായി ഈ ചിത്രങ്ങളെല്ലാം റിലീസ് ചെയ്യും. നിവിന്‍ പോളിയും മോഹന്‍ലാലും ഒന്നിച്ചെന്നുന്ന ഇതിഹാസ ചിത്രം കായംകുളം കൊച്ചുണ്ണിയാണ് ആദ്യം റിലീസ് ചെയ്യുക. ഒക്ടോബര്‍ 11നാണ് കൊച്ചുണ്ണിയുടെ റിലീസ്. മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ബിഗ്ബജറ്റ് ചിത്രം ഒടിയന് ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തും.
അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം 2019 ജനുവരി 25ന് റിലീസ് ചെയ്യും. മാര്‍ച്ച് 28നാണ് ലൂസിഫര്‍ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി ആരാധകര്‍ അക്ഷമയോടുകൂടി കാത്തിരിക്കുകയായിരുന്നു.
Leave a Comment