ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ റവന്യു ഉദ്യോഗസ്ഥര്‍ പരാജയമെന്ന് സൈന്യം, പ്രളയക്കെടുതിയില്‍ വൈദ്യുതബോര്‍ഡിന് നഷ്ടം 820 കോടി

ചെങ്ങന്നൂര്‍: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന ചെങ്ങന്നൂരില്‍ റവന്യു ഉദ്യോഗസ്ഥര്‍ പരാജമാണെന്ന പരാതിയുമായി രക്ഷാപ്രവര്‍ത്തന രംഗത്തുള്ള സൈന്യം. രക്ഷാപ്രവര്‍ത്തനത്തിനുള്ള ഏകോപനം നടക്കുന്നില്ലെന്ന് സൈന്യം സജി ചെറിയാന്‍ എംഎല്‍എയെ അറിയിച്ചു. പാണ്ടനാട്, വെണ്‍മണി, ആല തുടങ്ങിയ സ്ഥലങ്ങളിലെ ഉള്‍പ്രദേശങ്ങളാണ് ഇനിയും ഒറ്റപ്പെട്ടു കഴിയുന്നത്. ഈ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതില്‍ റവന്യു ഉദ്യോഗസ്ഥര്‍ പരാജയമാണ് എന്നാണ് സൈന്യം പറയുന്നത്.

അഞ്ഞൂറിലെരെപ്പേര്‍ ഇപ്പോഴും ഒറ്റപ്പെട്ടു കഴിയുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കു ഭക്ഷണവും മരുന്നുകളുമെത്തിക്കുകയെന്നതാണു വെല്ലുവിളിയായി തുടരുന്നത്. പുനരധിവാസത്തിനു കൂടുതല്‍ സഹായം വേണ്ടിവരുമെന്ന് ഏകോപന ചുമതലയുളള നികുതി വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പതിനഞ്ച് അംഗം കമാന്റോ സംഘം കൂടി പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നെത്തുന്ന സംഘത്തിനൊപ്പം വിദഗ്ധ ഡോക്ടര്‍മാരുമുണ്ട്.

അതേസമയം പേമാരിയിലും പ്രളയത്തിലും കെഎസ്ഇബിക്ക് 820 കോടിയുടെ നഷ്ടം. 350 കോടി രൂപയുടെ ഉപകരണങ്ങള്‍ താറുമാറായി. 470 കോടി രൂപ വരുമാനനഷ്ടമുണ്ടായതായും കെഎസ്ഇബി അറിയിച്ചു. 28 സബ്.സ്റ്റേഷനുകളും 5 ഉത്പാദന നിലയങ്ങളും പ്രവര്‍ത്തനം നിര്‍ത്തി വെച്ചു.5 ചെറുകിട വൈദ്യുതി നിലയങ്ങള്‍ വെള്ളം കയറി തകര്‍ന്നു. 1200 ട്രാന്‍സ്ഫോമറുകള്‍ വെള്ളത്തിനടിയിലാണെന്നും കെഎസ്ഇബി അറിയിച്ചു

വൈദ്യുതി വിതരണ മേഖലയില്‍ പതിനായിരം ട്രാന്‍സ്ഫോര്‍മറുകള്‍ വെള്ളപ്പൊക്കവും പേമാരിയും മൂലം അപകടം ഒഴിവാക്കാനായി ഓഫ് ചെയ്ത് വെയ്ക്കേണ്ടി വന്നിട്ടുണ്ട്.വെള്ളപ്പൊക്കം ഒഴിഞ്ഞ പ്രദേശങ്ങളില്‍ ഇതുവരെയായി 4500ഓളം എണ്ണം ചാര്‍ജ്ജ് ചെയ്തു. ബാക്കിയുള്ളവയില്‍ ഏകദേശം 1200ഓളം ട്രാന്‍സ്ഫോര്‍മറുകള്‍ ഇപ്പോളും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. അവയെല്ലാം പ്രവര്‍ത്തന സജ്ജമാക്കാനുള്ള പരിശോധനകളും നടപടികളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

വൈദ്യുതി വിതരണ സംവിധാനം തകര്‍ന്ന പ്രദേശങ്ങളില്‍ അവ പുതരുദ്ധരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വയറിംഗ് സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം എത്രയും പെട്ടെന്ന് കണക്ഷനുകള്‍ പുന:സ്ഥാപിക്കും.തകര്‍ന്ന വൈദ്യുതി വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകീകരിച്ച് നടപ്പിലാക്കാന്‍ ‘മിഷന്‍ റീകണക്റ്റ്’ എന്ന പേരില്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. വിതരണവിഭാഗം ഡയറക്ടറുടെ മേല്‍ നോട്ടത്തില്‍ തിരുവനന്തപുരം വൈദ്യുതി ഭവനില്‍ 24 മണിക്കൂറും പ്രത്യേക വിഭാഗം ഇതിനായി പ്രവര്‍ത്തിക്കും.

കൂടാത കല്പറ്റ, തൃശ്ശൂര്‍, ഇരിഞ്ഞാലക്കുട, പെരുമ്പാവൂര്‍, എറണാകുളം, തൊടുപുഴ, ഹരിപ്പാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ഇലക്ട്രിക്കല്‍ സര്‍ക്കിളുകളില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലും, പ്രശ്ന ബാധിത പ്രദേശങ്ങളിലെ സെക്ഷനുകളില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലും പ്രത്യേക സമിതികള്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം നല്‍കും. എല്ലാ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചീഫ് എന്‍ജിനീയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment