ജനങ്ങളെ ഇനി മുതല്‍ സര്‍, സുഹൃത്ത്, സഹോദരന്‍ എന്നിങ്ങനെ മാത്രമേ വിളിക്കൂ..!!! കേരള പോലീസിന്റെ പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: പൊതുജനങ്ങളോടുള്ള പെരുമാറ്റത്തില്‍ അടിമുടി മാറ്റം വരുത്തി കേരള പോലീസ്. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ജനങ്ങളെ ഇനി മുതല്‍ സര്‍, സുഹൃത്ത്, സഹോദരന്‍ എന്നിങ്ങനെ മാത്രമേ വിളിക്കൂയെന്ന് പ്രമേയത്തില്‍ പറയുന്നു. ആ വിളിയിലൂടെ ഉണ്ടാകുന്ന മാറ്റം വലുതാണെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു.

പെറ്റിക്കേസില്‍ പെടുന്നവരെ കൊടും ക്രിമിനലുകളെന്ന തരത്തില്‍ കാണുന്ന മനോഭാവം ആരിലെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ ഉപേക്ഷിക്കും. ഇതിലൂടെ, കേരള പൊലീസിന്റെ അന്തസ്സുയര്‍ത്തി സമൂഹത്തിന്റെ വിശ്വാസവും അംഗീകാരവും നേടും. എേഎസ്ഐ മുതല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണു സംഘടന. മികവില്‍ കേരള പൊലീസ് മുന്നിലാണെങ്കിലും പെരുമാറ്റ രീതിയില്‍ മാറ്റം വേണമെന്നും നീതി തേടി സ്റ്റേഷനില്‍ എത്തുന്നവരോടു രാഷ്ട്രീയത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തില്‍ വിവേചനം കാണിക്കരുതെന്നും പ്രമേയം ഓര്‍മപ്പെടുത്തുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നാം ഇടപെടുന്നതു ശത്രുക്കളോടല്ല. ഇന്ത്യന്‍ പൗരന്‍മാരോടാണ്. അവരില്‍ വ്യത്യസ്ത സ്വഭാവക്കാര്‍ കാണും. എന്നാല്‍, അവരോട് ഇടപഴകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു സ്വഭാവമേ ഉണ്ടാകാന്‍ പാടുള്ളൂ. ചരിത്രത്തിന്റെ ഭാഗമായ തെറ്റായ ചില പ്രവണതകള്‍ ആരിലെങ്കിലും ശേഷിക്കുന്നുവെങ്കില്‍ ഇറക്കിവയ്ക്കണം. മൂന്നാംമുറ പൂര്‍ണമായി ഉപേക്ഷിച്ചേ പറ്റൂ. പ്രമേയത്തില്‍ പറയുന്നു.

അതേസമയം,പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ ഇനി രക്തസാക്ഷി മണ്ഡപങ്ങള്‍ക്കു വെള്ള നിറമായിരിക്കും. സംഘടനയുടെ പതാകയുടെ നിറമാണ് വെള്ള. മുന്‍പ് ഈ നിറത്തിലാണ് ഇതു തയാറാക്കിയിരുന്നത്. കഴിഞ്ഞ സമ്മേളന കാലയളവില്‍ പല ജില്ലകളിലും ഇതിനെ ചുവപ്പാക്കി ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ വിളികളയുര്‍ത്തി. ചില ജില്ലകളില്‍ വേറെ നിറവും ഉപയോഗിച്ചു. വിവാദമായതോടെ, സംസ്ഥാന സമ്മേളനത്തില്‍ പതിനൊന്നാം മണിക്കൂറില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരം നിറം മാറ്റി. ആ വിവാദത്തിന്റെ കൂടി പശ്ചാത്തലത്തിലാണു തീരുമാനം. രക്തസാക്ഷി അനുസ്മരണം തുടരും.

pathram desk 1:
Leave a Comment