ന്യൂഡല്‍ഹി: പശു മോഷ്ടാവെന്ന് ആരോപിച്ച് ഹരിയാനയില്‍ യുവാവിനെ തല്ലിക്കൊന്നു. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയില്‍നിന്ന് 80 കിലോമീറ്റര്‍ മാത്രം അകലെ പല്‍വലിലായിരുന്നു സംഭവം. പശുവിനെ കടത്തിക്കൊണ്ടു പോകാനെത്തിയെന്നാരോപിച്ച് ഇയാളെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
രാത്രിയില്‍ കണ്ട ആളെ കൈയും കാലും കെട്ടിയിട്ടശേഷം മൂന്നംഗസംഘം തല്ലിക്കൊല്ലുകയായിരുന്നു. തങ്ങളുടെ പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. കൊല്ലപ്പെട്ടയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ സഹോദരന്‍മാരായ മൂന്നു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
അടുത്തിടെ രാജസ്ഥാനിലും പശു കടത്തിയെന്നാരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഹരിയാന സ്വദേശിയായ അക്ബര്‍ ഖാന്‍ ആണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ തന്റെ ഗ്രാമമായ ഗോല്‍ഗന്‍വില്‍നിന്നും രണ്ടു പശുക്കളുമായി റാംഗഡിലെ ലാവണ്ടി വില്ലേജിലേക്ക് വരുമ്പോഴാണ് ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്. അക്ബര്‍ ഖാന്റെ മൃതദേഹം ആള്‍വാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
ആള്‍ക്കൂട്ട കൊലപാതകത്തില്‍ സുപ്രീം കോടതി പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ ശക്തമായ നടപടി വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അക്രമങ്ങളാണിത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഇത്തരം ആള്‍ക്കൂട്ട അക്രമങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
Leave a Comment