വിവാഹ വീടെന്നോ മരണവീടെന്നോ വ്യത്യാസമില്ലാതെ ആളുകൂടുന്ന ഏതു ചടങ്ങിനും സെല്‍ഫിയെടുക്കുന്നത് ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ സെല്‍ഫി എടുക്കുന്നതിനിടയില്‍ നിരവധി പേര്‍ക്ക് ജീവന്‍ പോലും നഷ്ടപ്പെട്ടിട്ടുണ്ട്.
എന്നാല്‍ സെല്‍ഫിയും അതിനെ ചുറ്റിപ്പറ്റിയുള്ള അപകടങ്ങളും വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി സെല്‍ഫി വേണ്ടെന്ന തീരുമാനമെടുത്തിരിക്കുകയാണ് റെയില്‍വേ. റെയില്‍വേ സ്റ്റേഷനുകളിലും പരിസരത്തും റെയില്‍ പാളങ്ങള്‍ക്ക് സമീപവുമൊക്കെ നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിന് റെയില്‍വേ ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തി.
നിയമം ലംഘിക്കുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കും. ഈ നിയമം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തിലായെന്ന് അധികൃതര്‍ അറിയിച്ചു. സ്റ്റേഷനുകള്‍ മലിനമാക്കുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ടു സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ നേരത്തെ തീരുമാനിച്ചിരുന്നു. 6,500 സ്റ്റേഷനുകളിലും തിരഞ്ഞെടുത്ത ട്രെയിനുകളിലുമാണ് ആദ്യ ഘട്ടത്തില്‍ ക്യാമറ സ്ഥാപിക്കുക. ക്രമേണ, എല്ലാ ട്രെയിനുകളിലും കോച്ചുകളിലും ക്യാമറ വരും.
Leave a Comment