അഞ്ചല്‍: കേരള പൊലീസിന്റെ വീഴ്ചകള്‍ തുടര്‍ക്കഥ ആയിക്കൊണ്ടിരിക്കുകാണ്. അടുത്തിടെ ഉണ്ടായ കേസുകളില്‍ പൊലീസിന്റെ വീഴ്ച മനസിലാക്കിയ മുഖ്യമന്ത്രി പോലും ഒരു സ്ത്രീക്കെതിരായ എംഎല്‍എയുടെ കൈയേറ്റ ശ്രമവും അതിന് ഒത്താശ ചെയ്ത സിഐയ്‌ക്കെതിരേയും നടപടി എടുക്കാന്‍ തയാറാകുന്നില്ല. വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന കാരണത്താല്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ യുവാവിനെ തല്ലുകയും യുവാവിന്റെ അമ്മയുടെ കയ്യില്‍ കടന്നുപിടിക്കുകയും ചെയ്‌തെന്ന പരാതിയില്‍ കടുത്ത വകുപ്പുകള്‍ ഉപയോഗിച്ചു കേസെടുക്കാതെ പൊലീസ് ഒത്തുകളിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന അഞ്ചല്‍ സിഐ മോഹന്‍ദാസ് മര്‍ദനം തടയാന്‍ ശ്രമിക്കാതെ കാഴ്ചക്കാരനായി നിന്നെന്നാണ് ആരോപണം. ഇദ്ദേഹം തന്നെയാണ് ഈ കേസ് അന്വേഷിക്കുന്നതും. മര്‍ദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ അഗസ്ത്യക്കോട് പുലിയത്ത് വീട്ടില്‍ ഷീന കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ സിഐ സംഭവസ്ഥലത്തുണ്ടായിരുന്നെന്നു വ്യക്തമാക്കിയതായി അറിയുന്നു.
സിഐ വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപമായിരുന്നു സംഭവം. ബഹളം കേട്ടു പുറത്തിറങ്ങിയ സിഐ ഗണേഷിനെയും ഡ്രൈവറെയും പിടികൂടുന്നതിനു പകരം ഇവരെ സ്ഥലത്തുനിന്നു രക്ഷിക്കാനാണു ശ്രമിച്ചതെന്നു നാട്ടുകാര്‍ പറയുന്നു. എംഎല്‍എയുടെ മര്‍ദനത്തില്‍ പരുക്കേറ്റ അനന്തകൃഷ്ണന്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ സിഐ തടഞ്ഞതായും ആക്ഷേപമുണ്ട്.
ആളുകൂടിയതോടെ ഗണേഷ്‌കുമാറും ഡ്രൈവറും സ്ഥലംവിട്ടു. തൊട്ടു പിന്നാലെ സിഐയും ഇവിടെനിന്നു മാറി. ഉച്ചയ്ക്ക് ഒന്നരയ്ക്കു മര്‍ദനമേറ്റ അനന്തകൃഷ്ണന്‍ ഒരുമണിക്കൂറിനകം സിഐയ്ക്കു പരാതി നല്‍കിയെങ്കിലും കേസ് എടുത്തത് വൈകിട്ട് 5.30ന്. മുക്കാല്‍ മണിക്കൂര്‍ മുന്‍പേ ഗണേഷ്‌കുമാറിന്റെ പരാതിയില്‍ കേസ് എടുക്കുകയും ചെയ്തു.
ഗണേഷിന്റെ പരാതി ഫാക്‌സില്‍ ലഭിച്ചെന്നാണ് സിഐ ആദ്യം പറഞ്ഞത്. ഗണേഷിന്റെ സ്റ്റാഫില്‍പെട്ടയാള്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി എന്നായി പിന്നീട്. പ്രശ്‌നം വഷളാകുമെന്നു മനസ്സിലായതോടെ കോടതിയില്‍ മൊഴി നല്‍കാന്‍ ഷീനയ്ക്കു നോട്ടിസ് നല്‍കി തടിതപ്പി. ഷീന മൊഴി നല്‍കിയതിനാല്‍ ഇനി കോടതി നിര്‍ദേശം അനുസരിച്ചാകും കേസിന്റെ ഗതി. കോടതി നടപടിയോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
Leave a Comment