കൊച്ചി:മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു കൂട്ടായ്മയുടെ ആവശ്യമുണ്ടോയെന്ന് നടന്‍ ടൊവിനോ തോമസ് ചോദിക്കുന്നു. സിനിമാ മേഖലയില്‍ അടിച്ചമര്‍ത്തലുകള്‍ ഉള്ളതായി തോന്നിയിട്ടില്ലെന്നും ഗൃഹലക്ഷ്മിക്കു നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറയുന്നു.സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും ടൊവിനോ സംസാരിച്ചു. വഴങ്ങേണ്ട എന്നൊരു സ്ത്രീ വിചാരിച്ചാല്‍ തീരാവുന്ന പ്രശ്നമാണിതെന്നാണ് ടൊവിനോ പറയുന്നത്.
‘താല്‍പര്യമില്ല, താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല. ആരു വേണ്ടെന്നു പറഞ്ഞാലും എന്റെ കഥാപാത്രത്തിനു വേണ്ട ആളെ ഞാന്‍ കാസ്റ്റ് ചെയ്യുമെന്ന് പറയുന്ന നട്ടെല്ലുള്ള സംവിധായകരും ഇവരെ സപ്പോര്‍ട്ട് ചെയ്യുന്ന നിര്‍മ്മാതാക്കളും ഇവിടെയുണ്ട്. പിന്നെന്തിന് അല്ലാത്തവരുടെ അടുത്ത് പോകണം? പിന്നെ, സ്ത്രീകള്‍ക്ക് നേരെ മാത്രമാണ് ലൈംഗിക അതിക്രമം എന്നു കരുതുന്നുണ്ടോ, പുരുഷന്മാര്‍ക്കു നേരെയില്ലേ?’ ടൊവിനോ ചോദിക്കുന്നു.
സിനിമയില്‍ താന്‍ സാമ്പത്തിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ടൊവിനോ പറയുന്നു. രണ്ടു ലക്ഷം രൂപ കൊടുത്താല്‍ റോളുണ്ടെന്ന് തന്നോടു പറഞ്ഞ ആള്‍ക്ക് താന്‍ അതു കൊടുക്കേണ്ടെന്നു തീരുമാനിക്കുകയും ആ വേഷം പോകുകയും ചെയ്തെങ്കിലും പിന്നീട് നൂറ് അവസരങ്ങള്‍ തന്നെ തേടി വന്നെന്നും ടൊവിനോ വ്യക്തമാക്കി. ഇത്തരം സാമ്പത്തിക അതിക്രമത്തേ കാസ്റ്റിങ് പേയ്മെന്റ് എന്നാണോ വിളിക്കേണ്ടതെന്നും താരം ചോദിക്കുന്നു.
മായാനദി എന്ന ചിത്രത്തിലെ ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന ഡയലോഗിനെ കുറിച്ച് ടൊവിനോ പറഞ്ഞത് അത് ആ കഥാപാത്രത്തിന്റെ കാഴ്ചപ്പാടാണ് എന്നാണ്.
‘സെക്സ് ഒരിക്കലും പ്രോമിസല്ല. പക്ഷെ അത് ഒരു തിയറിയായിട്ട് പറയാനേ പറ്റൂ. പ്രാക്റ്റിക്കലി ഒരു ആണ് പെണ്ണിനോടങ്ങനെ പറഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി? കലാപമായിരിക്കില്ലേ? പെണ്ണ് പറഞ്ഞാല്‍ ചിലപ്പോള്‍ കുഴപ്പമുണ്ടായിരിക്കില്ലായിരിക്കും. പ്രണയത്തില്‍ പ്രോമിസും കമ്മിറ്റ്മെന്റുമൊക്കെ ഇപ്പോഴും ഉണ്ട്,’ ടൊവിനോ തന്റെ അഭിപ്രായം വ്യക്തമാക്കി.
Leave a Comment