‘വേറെ പല സഹായവും’ എന്താണെന്ന് ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തണം, വീണ്ടും ആഞ്ഞടിച്ച് കുര്യന്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. സീറ്റ് വിട്ടുകൊടുത്തതില്‍ ഉമ്മന്‍ചാണ്ടി നടപ്പിലാക്കിയത് സ്വകാര്യ അജണ്ടയാണെന്ന് കുര്യന്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ സംഭവ വികാസങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീട്ടിലെത്തി ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടി ഫോണില്‍ പോലും വിളിച്ച് സംസാരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരോടും സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. സീറ്റ് കിട്ടാത്തതില്‍ പരാതിയില്ലെന്നും കുര്യന്‍ പറഞ്ഞു.

2005ല്‍ തനിക്കു സീറ്റു നല്‍കാന്‍ ഇടപെട്ടെന്ന ഉമ്മന്‍ചാണ്ടിയും വാദം തെറ്റാണെന്നു പറഞ്ഞ പി.ജെ കുര്യന്‍ രാഷ്ട്രീയമായ സഹായങ്ങള്‍ തേടിയപ്പോള്‍ അതൊന്നും ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്നു ലഭിച്ചിട്ടില്ലെന്നും ആരോപിച്ചു. ‘വേറെ പല സഹായവും’ നല്‍കിയിട്ടുണ്ടെന്ന ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശത്തെയും കുര്യന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചെയ്തു.

ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്നു പറഞ്ഞ കുര്യന്‍ തനിക്കു ചെയ്തുതന്നുവെന്നു പറഞ്ഞ വേറെ പല സഹായവും എന്താണെന്ന് ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. വ്യക്തിപരമായ ഒരാവശ്യത്തിനുവേണ്ടിയും ഉമ്മന്‍ചാണ്ടിയെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

pathram desk 2:
Leave a Comment