യുവതിയ്ക്ക് വേണ്ടി പ്രതിശ്രുത വരനും കാമുകനും പരസ്യമായി തമ്മിലടിച്ചു!!! ഒടുവില്‍ യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയി; സംഭവം തൊടുപുഴയില്‍

തൊടുപുഴ: യുവതിയ്ക്ക് വേണ്ടി പ്രതിശ്രുത വരനും കാമുകനും തമ്മില്‍ പരസ്യമായി കടിപിടികൂടി. ഒടുവില്‍ യുവതി കാമുകനൊപ്പം പോയി. പ്രതിശ്രുത വരനൊപ്പം വിവാഹ വസ്ത്രങ്ങളെടുക്കുന്നതിനിടെ കാമുകന്‍ യുവതിയെ കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത് കഴിഞ്ഞ ദിവസം വലിയ സംഘര്‍ഷത്തിനു വഴിവച്ചിരുന്നു.

ഇതേത്തുടര്‍ന്ന് ഇന്നലെ പോലീസ് സ്റ്റേഷനില്‍ നടന്ന അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവിലാണ് യുവതിയെ കാമുകനൊപ്പം വിടാന്‍ തീരുമാനമായത്്. ചര്‍ച്ചയില്‍ കാമുകനോടൊപ്പം തന്നെ പോകണമെന്നായിരുന്നു യുവതിയുടെ നിലപാട്. കാമുകന്റെ വീട്ടുകാരും ഇതിനു സമ്മതിച്ചു. യുവതിയുടെ അമ്മയും സഹോദരനും കാമുകന്റെ മാതാപിതാക്കളും ബന്ധുക്കളും സ്റ്റേഷനില്‍ എത്തിയിരുന്നു.

യുവതിയുടെ വീട്ടുകാര്‍ കല്യാണത്തിനു ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ യുവതി കാമുകനൊപ്പം പോകണമെന്നു പറഞ്ഞതിനാല്‍ പ്രതിശ്രുത വരനും കുടുംബവും വിവാഹത്തില്‍ നിന്നു പിന്‍മാറിയിരുന്നു.

ഉടുമ്പന്നൂര്‍ സ്വദേശിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയും പാലക്കുഴ സ്വദേശിയായ പ്രതിശ്രുതവരനും എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. നാലുവര്‍ഷം മുന്‍പ് പാലക്കുഴ സ്വദേശി ഗള്‍ഫിലേക്ക് പോയി. ഈ സമയം, പെണ്‍കുട്ടി ഈരാറ്റുപേട്ട സ്വദേശിയും ഗുജറാത്തിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എന്‍ജീനിയറുമായ ഇതര മതസ്ഥനായ യുവാവുമായി പ്രണയത്തിലായി.

ഇതിനിടെ പാലക്കുഴ സ്വദേശി ഗള്‍ഫില്‍ നിന്നും ബംഗളുരുവിലേക്ക് തിരികെ വന്നു. ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ നിശ്ചയം മേയ് 20ന് നടന്നു. വിവാഹ വിവരം യുവതിയില്‍ നിന്നും അറിഞ്ഞ ഈരാറ്റുപേട്ട സ്വദേശിയായ കാമുകന്‍ ബുധനാഴ്ച ഇവിടെയെത്തി വിവാഹ വസ്ത്രങ്ങള്‍ എടുത്തുകൊണ്ടിരുന്ന യുവതിയെ വിളിച്ചിറക്കി കൊണ്ടുപോകാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

pathram desk 1:
Related Post
Leave a Comment