കൊളമാവ് കോകിലയിലെ ‘കല്യാണ വയസ്സ്’ എന്ന പാട്ടിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് യോഗി ബാബു. നെല്‍സണ്‍ ദിലീപ് ഒരുക്കുന്ന ഈ ചിത്രത്തില്‍ നയന്‍താരയുടെ നായകനായാണ് യോഗി എത്തുന്നത്.
യോഗിയുടെ കഥാപാത്രം നയന്‍താരയുടെ കഥാപാത്രമായ കോകിലയുടെ ഹൃദയത്തിലിടം നേടാന്‍ ശ്രമിക്കുന്നതാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. അതിനായി പൂവാലന്‍മാരെപ്പോലെ കോകില കോളേജില്‍ പോകുന്ന വഴിയില്‍ അയാള്‍ സ്ഥിരസാന്നിധ്യമാകുന്നു. എന്നാല്‍ ഉള്‍വലിഞ്ഞ സ്വഭാവമുള്ള കോകില അയാളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും മുഖത്തേക്ക് നോക്കുന്നില്ല. പക്ഷേ കാര്യമായ എതിര്‍പ്പും പ്രകടിപ്പിക്കുന്നില്ല.
കല്യാണ വയസ്സ് തരംഗമാകുമ്പോള്‍ സിനിമയിലൂടെയുള്ള തന്റെ യാത്ര എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് യോഗി. കടുത്ത മാനസിക വിഷമം ഉണ്ടാക്കിയ പല അനുഭവങ്ങളിലൂടെയും താന്‍ കടന്നുപോയിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് യോഗി. അതിലൊന്ന് തമിഴിലെ ഒരു മുന്‍നിര നായികയ്ക്കൊപ്പം അഭിനയിച്ചപ്പോഴാണെന്നും യോഗി പറഞ്ഞു.
എന്റെ മുന്‍ സിനിമകളിലൊന്നില്‍ നായിക എന്നെ കെട്ടിപ്പിടിക്കുന്ന രംഗമുണ്ടായിരുന്നു. പക്ഷേ ആ നടി വിസമ്മതിച്ചു. എന്നെ കെട്ടിപ്പിടിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്തു പറഞ്ഞു. ആ സിനിമയിലെ ഒരു തമാശ രംഗത്തില്‍ അത് അനിവാര്യമായിരുന്നു. സംവിധായകന്‍ കേണപേക്ഷിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ല. തെന്നിന്ത്യയിലെ ഒരു മുന്‍നിര നായികയാണവര്‍.
കൊളമാവ് കോകിലയില്‍ നയന്‍താരയ്ക്കൊപ്പം അഭിനയിച്ചത് നല്ല അനുഭവമായിരുന്നു. ഓരോ രംഗം ചിത്രീകരിക്കുമ്പോഴും നയന്‍താര നല്ല പിന്തുണ നല്‍കി. നയന്‍താരയോട് എനിക്ക് ശരിക്കും പ്രണയം തോന്നി- യോഗി പറഞ്ഞു.
വിജയ് നായകനാകുന്ന പുതിയ ചിത്രത്തിലടക്കം മുപ്പതോളം സിനിമകളിലാണ് ഈ വര്‍ഷം യോഗി വേഷമിടുന്നത്. തമിഴിലെ ഏറ്റവും തിരക്കുള്ള ഹാസ്യതാരമായി മാറിയിരിക്കുകയാണ് യോഗി.
Leave a Comment