തൃത്താല: നിപ വൈറസിനെക്കുറിച്ച് തെറ്റായതും അപകടകരവുമായ പ്രചാരണം നടത്തിയ വ്യാജചികിത്സകരായ മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കാഞ്ചേരിക്കുമെതിരെ കേസെടുത്തു. തൃത്താല പൊലീസ് ആണ് കേസെടുത്തത്. പ്രൈവറ്റ് ആയുര്‍വേദിക് മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്റെ പരാതിയിലാണ് കേസ്.
പേരാമ്പ്ര മേഖലയില്‍ നിന്നും ശേഖരിച്ച വവ്വാല്‍ കഴിച്ച പഴങ്ങളുടെ ബാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് പഴങ്ങള്‍ തിന്നുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ടാണ് മോഹനന്‍ വൈദ്യര്‍ ഫേസ്ബുക്കില്‍ വ്യാജ പ്രചാരണം നടത്തിയത്. വവ്വാലും മറ്റും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ശക്തമായ നിര്‍ദേശം നല്‍കി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് മോഹനന്‍ വൈദ്യര്‍ ഇത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
‘ഈ പറയുന്ന നിപ വൈറസ് പേര് കേട്ട് പൊതുസമൂഹം ഭയക്കുന്നു ഞാന്‍ ഈ വവ്വാല്‍ ചപ്പിയ ബാക്കിയാണ് നിങ്ങളെ തിന്നു കാണിക്കുന്നത്. ഈ വൈറസ് ഉണ്ടെങ്കില്‍ ഇന്ന് ഞാന്‍ മരിക്കണം. ‘ എന്നു പറഞ്ഞുകൊണ്ടാണ് മോഹനന്‍ വൈദ്യര്‍ വീഡിയോ പ്രചരിപ്പിച്ചത്.
പ്രകൃതി ചികിത്സകനെന്ന് സ്വയം അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിയും സോഷ്യല്‍ മീഡിയ വഴി അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. നിപ വൈറസ് എന്നൊരു വൈറസ് ഇല്ലെന്നും മരുന്നുമാഫിയയാണ് ഇതിനു പിന്നിലെന്നുമായിരുന്നു ഇയാളുടെ പ്രചരണം. ഇയാള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇന്‍ഫോക്ലിനിക്ക് കൂട്ടായ്മ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയും നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
Leave a Comment