ചെന്നൈ: തൂത്തുക്കുടിയില്‍ നിരോധനാജ്ഞ ലംഘിച്ച് സന്ദര്‍ശനം നടത്തിയ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനെതിരെ കേസെടുത്തു. വെടിവയ്പ്പിലും സംഘര്‍ഷത്തിലും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് നിര്‍മാണ ഫാക്ടറി പൂട്ടണമെന്ന ആവശ്യവുമായാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്.
തൂത്തുക്കുടി ജനറല്‍ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ബന്ധുക്കളുമായി അദ്ദേഹം സംസാരിച്ചു. ആരാണ് വെടിവയ്പ്പിന് ഉത്തരവിട്ടതെന്ന് എല്ലാവര്‍ക്കും അറിയണം. ജനങ്ങളുടെ ആവശ്യം മാനിച്ച് സ്റ്റെര്‍ലൈറ്റ് നിര്‍മാണ യൂണിറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. വെടിവയ്പ്പില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം പ്രശ്നങ്ങള്‍ അവസാനിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
അതിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ചിലരുടെ ബന്ധുക്കള്‍ കമല്‍ഹാസന്റെ സന്ദര്‍ശനത്തിനെതിരേയും രംഗത്തുവന്നു. സന്ദര്‍ശനം ചികിത്സയില്‍ കഴിയുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും ആശുപത്രിയില്‍ എത്തുന്നതോടെ ബുദ്ധിമുട്ടുന്നത് തങ്ങളാണെന്നും കമല്‍ഹാസന്‍ ആശുപത്രിയില്‍ നിന്നും പോകണമെന്നുമായിരുന്നു ചിലരുടെ ആവശ്യം. നേരത്തെ എംഡിഎംകെ നേതാവ് വൈക്കോയും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.
Leave a Comment